ദോഹ: ഖത്തറിലെ ഹമദ് എമർജൻസിയിൽ ഏഴ് വർഷത്തോളമായി സേവനം അനുഷ്‌ഠിക്കുകയാണ് ഷഹീർ. അത്യാഹിത വിഭാഗം ഏരിയാ ഇൻചാർജ്. റീജിയണിലെ ഏറ്റവും വലിയ അത്യാഹിത വിഭാഗങ്ങളിൽ ഒന്നാണ് ഹമദ് എമർജൻസി. അതുകൊണ്ടുതന്നെ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്തെ സുപ്രധാന ഇടങ്ങളിൽ ഒന്നാണിത്. ഖത്തറിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയ ആദ്യ നാളുകളിലാണ് മഹാമാരി ഷഹീറിനെയും ആക്രമിച്ചത്. വർഷങ്ങളോളം എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചതിൽ നിന്നും ലഭിച്ച ഉൾക്കരുത്ത് കൊണ്ടുതന്നെയാകാം കൊവിഡിനെ ധീരമായി ചെറുത്ത് തോൽപ്പിക്കാൻ ഈ തൃശ്ശൂർ സ്വദേശിക്ക് നിഷ്‌പ്രയാസം സാധിച്ചത്.
പരിശോധന ഫലം പോസിറ്റീവ് ആയതുമുതൽ രോഗം ഭേദമായി പൂർവാധികം ഊർജത്തോടെ കർമ്മ മേഖലയിൽ തിരിച്ചെത്തിയ അനുഭവം പങ്കുവയ്‌ക്കുയാണ് ഷഹീർ. നിലവിലെ അവസരത്തിൽ ഓരോ മലയാളിക്കും ആശ്വാസവും ആത്മബലവും നൽകുന്നതാണ് ഷഹീർ എം അബ്‌ദുൾ റഹിമാൻ എന്ന കൊവിഡ് മുന്നണി പോരാളി.
ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ആ ദിവസങ്ങൾ
'ഒരുദിവസം ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ചെറിയ പനിപോലെ അനുഭവപ്പെട്ടു. ആകെ ക്ഷീണിതനുമായിരുന്നു. രാത്രിയായതോടെ പനി കൂടി. പിറ്റേദിവസം രാവിലെ തന്നെ ഡോക്‌ടറെ കണ്ടു. സ്വാബ് പരിശോധന (സ്രവം) നടത്താമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്ക് വിധേയനായി. തിരിച്ച് വീട്ടിലേക്ക് വന്നെങ്കിലും, കുടുംബം ഒപ്പമുള്ളതിനാൽ അവരുമായിട്ടൊക്കെ സാമൂഹിക അകലം പാലിച്ച് വളരെ ശ്രദ്ധയോടെയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ മുന്നോട്ടു പോയത്. മാർച്ച് 12ന് ആണ് പരിശോധനയ്‌ക്കായി സ്രവം അയക്കുന്നത്. തുടർന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം വന്ന പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. കൊവിഡ് ആണെന്ന് വിശ്വസിക്കാൻ എന്തോ മനസ് അനുവദിച്ചില്ലെങ്കിൽ പോലും, ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ദിനങ്ങളിൽ തന്നെ ഹോം ഐസൊലേഷനിലേക്ക് ഞാൻ കടന്നിരുന്നു. ഡോക്‌ടറുടെ നിർദേശവും അതു തന്നെയായിരുന്നു'.
ഹോം ഐസൊലേഷൻ അല്ല നമ്മൾ പാലിക്കേണ്ടത് റൂം ഐസൊലേഷൻ
'സത്യത്തിൽ ഹോം ഐസൊലേഷൻ അല്ല നമ്മൾ പാലിക്കേണ്ടത് റൂം ഐസൊലേഷൻ ആണെന്ന് ഷഹീർ പറയുന്നു. വീട്ടിൽ ഐസൊലേഷനിലേക്ക് കടക്കുമ്പോൾ, പ്രത്യേകമായി നമുക്കൊരു റൂം (ശുചിമുറിയോടു കൂടിയത്) തന്നെ വേണം. നമ്മുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ഐസൊലേഷൻ ആണ് പ്രധാനം. കാരണം അവരുടെ ആരോഗ്യവും നമ്മുടെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും വീട്ടിലെ കൊച്ചുകുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ'.
സഹപ്രവർത്തകരിൽ നിന്നുലഭിച്ച പിന്തുണ ഏറെ വലുത്
'റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞ നിമിഷം തന്നെ എന്റെ നഴ്‌സിംഗ് ഡയറക്‌ടർ ബിജോയ് ചാക്കോ വിളിച്ചിരുന്നു. അദ്ദേഹം തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. ആശുപത്രിയിലേക്ക് മാറിയതെല്ലാം ബിജോയ് ചാക്കോയുടെ നേതൃത്വത്തിലും കരുതലിലുമായിരുന്നു. ഡോക്‌ടർമാരുടെ സാമീപ്യവും പരിചരണവും പറയാതിരിക്കാനാകില്ല. മികച്ച ശുശ്രൂഷ തന്നെയാണ് ലഭിച്ചത്. അതുപോലെ കൊവിഡിനെ നേരിടുന്നതിനായി ഖത്തർ ഭരണകൂടം സ്വീകരിച്ചിട്ടുള്ള നടപടികളും ഏറെ ശ്ളാഘനീയമാണ്. മികച്ച രീതിയിലുള്ള പ്രതിരോധസംവിധാനങ്ങളാണ് ആരോഗ്യമന്ത്രാലയം ഇവിടെ ഒരുക്കിയിട്ടുള്ളത് എന്നത് എന്നപ്പോലുള്ള പ്രവാസി മലയാളികൾക്ക് നൽകുന്ന ധൈര്യം വളരെ വലുതാണ്'.
ഒരു മഹാമാരിയെയും നേരിടേണ്ടത് ഭയത്തോടെ ആകരുത്
'ഒരു മഹാമാരിയെയും നേരിടേണ്ടത് ഭയത്തോടെ ആകരുത് എന്നാണ് സ്വന്തം അനുവത്തിൽ നിന്ന് എനിക്ക് മനസിലായിട്ടുള്ളത്. ലോകാരോഗ്യ സംഘടനയടക്കമുള്ള സംവിധാനങ്ങൾ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് പ്രധാനം. മാസ്‌ക് ഉപയോഗം, കൈകഴുകൽ, സാമൂഹിക അകലം എന്നിവയെല്ലാം പ്രാവർത്തികമാക്കി മുന്നോട്ടുപോയി കഴിഞ്ഞാൽ കൊവിഡ് നമുക്ക് മുന്നിൽ അടിയറവ് പറയുക തന്നെ ചെയ്യും'.
നിസാരമായി കാണേണ്ടതല്ല, എന്നാൽ ഒട്ടും ഭയവും വേണ്ട
'കൊവിഡ് പരിശോധാഫലം പോസിറ്റീവ് ആകുന്നവരോട് പ്രധാനമായും പറയാനുള്ള കാര്യം നിങ്ങൾ ടെൻഷൻ ആകേണ്ട ഒരു ആവശ്യവും ഇല്ല എന്നുള്ളതാണ്. എബോള, നിപ തുടങ്ങിയ മഹാമാരികളുമായി താരതമ്യം ചെയ്‌തു കഴിഞ്ഞാൽ അത്രയധികം ഭയപ്പെടേണ്ട കാര്യം കൊവിഡിൽ ഇല്ല. റിക്കവറി റേറ്റും വളരെ കൂടുതലാണെന്നത് എന്തുകൊണ്ടും ആശ്വാസകരമല്ലേ? എന്നാൽ രോഗത്തെ നിസാരമായി കാണുകയും അരുത്. പോസിറ്റീവ് ആയി ചിന്തിക്കുക, ധാരാളം വെളളം കുടിക്കുക, ആവശ്യമായ ഭക്ഷണം കഴിക്കുക, മതിയാവോളം ഉറങ്ങുക എന്നീ കാര്യങ്ങളിൽ ആയിരിക്കണം നമ്മൾ ശ്രദ്ധ നൽകേണ്ടത്'.
ആത്മവിശ്വാസം പകർന്ന് കുടുംബം ഒപ്പമുണ്ട്
'ജീവിത്തിലെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ നമ്മളെ പ്രാപ്‌തരാക്കുന്നത് കുടുംബം തന്നെയാണെന്നാണ് എന്റെ വിശ്വാസവും അനുഭവവും. തൃശൂർ പെരുമ്പിലാവിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഭാര്യ സജ്‌ന ഷഹീർ തിരുവനന്തപുരം സ്വദേശിനിയാണ്. മകൻ ഷഹാൻ മുഹമ്മദ്. ഇരുവരും ഖത്തറിൽ എന്റെകൂടെയുണ്ട്. സച്ചൂസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ വളരെ ആക്‌ടീവാണ് സജ്‌ന. തുടക്കത്തിൽ പറഞ്ഞതു പോലെ കുടുംബം തന്നെെയാണ് എല്ലാത്തിലും എന്റെ പിൻബലം'.