ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. രാമജന്മ ഭൂമിക്ക് സമീപമുള്ള കുബർ തില ക്ഷേത്രത്തിൽ നടന്ന രുദ്രാഭിഷേകചടങ്ങിന് ശേഷമാണ് ക്ഷേത്ര നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചത്.
മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ പ്രതിപുരുഷനായി മഹന്ത് കമൽ നയൻ ദാസിന്റെയും മറ്റ് പുരോഹിതന്മാരുടെയും കാർമ്മികത്വത്തിൽ രണ്ട് മണിക്കൂറോളം നീണ്ട ചടങ്ങുകൾ നടന്നു.
നിർമ്മാണം ആരംഭിക്കുന്നത് മുമ്പ് ഗംഭീരമായി ഭൂമി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാതലത്തിൽ അത് മാറ്റി വച്ചു. കൊവിഡ് മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
പ്രശസ്ത ആർക്കിടെക്ടായ ചന്ദ്രകാന്ത് സോമപുരയുടെ ഡിസൈനായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. 24 - 30 മാസത്തിനുള്ളിൽ ക്നിർമ്മാണം പൂർത്തിയാക്കുമെന്ന് സോമപുര അറിയിച്ചു. സിമന്റ് , സ്റ്റീൽ എന്നിവ ഉപയോഗിക്കാതെ കല്ലിലായിരിക്കും ക്ഷേത്രം നിർമ്മിക്കുക.
സുപ്രീംകോടതി വിധിയിലൂടെ കഴിഞ്ഞ നവംബറിലാണ് അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ചത്. പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോദ്ധ്യയിൽ തന്നെ നൽകണമെന്നും വിധിച്ചിരുന്നു. അയോദ്ധ്യയിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാർച്ചിൽ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു.