
തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പ്രചരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നുലവെന്ന രീതിയിലാണ് പുറത്തുവരുന്ന വാർത്തകൾ. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ്യമെന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തിൽ മീൻ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും എം.എം.മണി വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. ഈ അനുമതികളുടെ കാലാവധി തീരുന്നതിനാൽ അവ പുതുക്കുന്നതിന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി. ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. അപേക്ഷിച്ചിരുന്നു. അതനുസരിച്ച് സർക്കാർ കെ.എസ്.ഇ.ബിക്ക് അനുമതി നൽകുകയായിരുന്നു. ഇത് കാലാകാലങ്ങളിൽ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്. സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.