virat-rohit
virat rohit

കൊഹ്‌ലി-രോഹിത് സഖ്യത്തെ എങ്ങനെ പുറത്താക്കുമെന്ന് ഫിഞ്ച് തന്നെ ചോദിച്ചെന്ന് അമ്പയർ

ലണ്ടൻ : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഒരു ഏകദിന മത്സരത്തിനിടെ മികച്ച ഫോമിൽ കളിക്കുന്ന വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കൂട്ടുകെട്ട് പൊളിക്കാൻ ഓസീസ് നായകൻ ആരോൺ ഫിഞ്ച് തന്റെ ഉപദേശം തേടിയെന്ന വെളിപ്പെടുത്തലുമായി അമ്പയർ മൈക്കേൽ ഗൗഫ്. വിസ്ഡൺ ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ളണ്ടുകാരനായ ഗൗഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ മത്സരം എനിക്കിപ്പോഴും നല്ലയോർമ്മയുണ്ട്. ഞാൻ സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയാണ്. എന്റെ തൊട്ടടുത്താണ് ഫിഞ്ച് ഫീൽഡ് ചെയ്യുന്നത്. കൊഹ്‌‌ലിയും രോഹിതും തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ് ആ സമയത്ത്. ഈ മഹാൻമാരായ താരങ്ങളുടെ ബാറ്റിംഗ് അവിശ്വസനീയതയോടെയേ കണ്ടുനിൽക്കാനാകൂവെന്ന് ഫിഞ്ച് എന്നോട് പറഞ്ഞു. തുടർന്ന് എന്നോടൊരു ചോദ്യം ഇവർക്കെതിരെ ഇനിയെങ്ങനെ ബൗൾ ചെയ്യണം?​ എനിക്കിവിടെ ആവശ്യത്തിന് ജോലിയുണ്ട്,​ നിങ്ങളുടെ ജോലി നിങ്ങൾ തന്നെ ചെയ്യൂവെന്ന് ഞാൻ ഉടൻ തന്നെ മറുപടി നൽകി. - അഭിമുഖത്തിൽ ഗൗഫ് വെളിപ്പെടുത്തി. എന്നാൽ മത്സരം ഏതാണെന്ന് ഗൗഫ് വ്യക്തമാക്കിയില്ല.

ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ബംഗളൂരുവിൽ നടന്ന മൂന്നാം മത്സരം ആകാനാണ് സാധ്യത. അന്ന് 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ കൊഹ്‌ലിയും രോഹിതും 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. കൊഹ്‌ലി 89 റൺസും രോഹിത് 119 റൺസും നേടിയ ആ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിക്കുകയും പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.

40കാരനായ ഗൗഫ് 62 ഏകദിന മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ 2019ലും ഈവർഷവും നടന്ന ഏകദിന പരമ്പരകളുടെ അമ്പയറിംഗ് പാനലിൽ ഗൗഫ് അംഗമായിരുന്നു.