mamata-

കൊൽക്കത്ത : അന്യസംസ്ഥാന തൊഴിലാളികളെ തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ 'കൊറോണ എക്‌സ്പ്രസ്' എന്ന് വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ശ്രമിക് ട്രെയിനുകളെ 'കൊറോണ എക്‌സ്പ്രസ്' എന്ന് മമത ബാനർജി ആക്ഷേപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ വിർച്വൽ റാലിക്കിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.

അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ കൊറോണ എക്സ്പ്രസ് എന്ന് വിളിച്ച മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴിയൊരുങ്ങിയതായി അമിത് ഷാ പറഞ്ഞിരുന്നു . മമത തൊഴിലാളികളുടെ മുറിവിൽ ഉപ്പുപുരട്ടി. ബംഗാൾ ഭരണത്തിൽനിന്ന് മമതയുടെ പുറത്തേക്കുള്ള പോക്കിന് ഇത് വഴിതുറക്കും. ബംഗാളിൽ ബി.ജെ.പി. സർക്കാരുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു.

എന്നാൽ പൊതുജനങ്ങൾ കൊറോണ എക്സ്പ്രസ് എന്നു പറയുന്നുെന്നാണ് താൻ പറഞ്ഞതെന്ന് മമത വ്യക്തമാക്കി.

നേരത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബംഗാൾ അനാസ്ഥ കാട്ടുന്നതായും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കുളള ട്രെയിൻ സർവീസിന് ബംഗാളിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കേന്ദ്രം ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് കേന്ദ്രവും പശ്ചിമബംഗാളും തമ്മിൽ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.