ചാലക്കുടി: രണ്ടു ദിവസമായി തുടരുന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവിൽ കൊവിഡ് ബാധിച്ചു മരിച്ച വി.ആർ.പുരം സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം ഇടവകയായ തച്ചുടപ്പറമ്പ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ബുധനാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംസ്‌കാരം. ഡിന്നിയുടെ പിതാവ് ചാക്കോ അടക്കമുള്ള അടുത്ത ബന്ധുക്കൾ ചടങ്ങ് ദൂരെ നിന്നുകണ്ടു.

പരിസര വാസികളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനിടെ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം സംസ്‌കരിച്ചത്. സെമിത്തേരി പറമ്പിൽ നാലടി കുഴിച്ചാൽ വെള്ളം കാണുമെന്ന് പരിസരവസികളുടെ പരാതിക്ക് കഴമ്പില്ലെന്ന് നേരത്തെ നടന്ന പരിശോധനയിൽ തെളിഞ്ഞിരുന്നു.

സംസ്കാരം സംബന്ധിച്ച് വലിയ ത‌ർക്കം നിലനിൽക്കുന്നതിനാൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ പള്ളിമേടയിൽ യോഗം ചേർന്ന് പ്രശ്‌നം ഏറെ നേരം ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.