തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ കൂടുതൽ നൽകണ്ടേതില്ലെന്ന് സർക്കാർ തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിനായി നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
റോഡ്, ട്രെയിൻ എന്നീ മാർഗങ്ങളിലൂടെ പലരും കേരളത്തിലേക്ക് എത്തുന്നത് തടയും. മാസ്ക് , ശാരീരിക അകലം, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാക്കും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. കേന്ദ്രസർക്കാർ ഈ ഘട്ടത്തിൽ നൽകിയ ഇളവുകൾ മാത്രമേ സംസ്ഥാനത്തും ഉണ്ടാകൂവെന്ന് മന്ത്രിസഭയോഗം അറിയിച്ചു.
വീടുകളിലെ നിരീക്ഷണം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകും. സമൂഹവ്യാപനം ഒഴിവാക്കുക, മരണസംഖ്യ കുറയ്ക്കുക എന്നിവയാണ് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രിസഭ വിലയിരുത്തി.