ലണ്ടൻ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ മാറി ടൂർണമെന്റുകൾ തുടങ്ങിയാലും സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഈ വർഷം കോർട്ടിലുണ്ടാകില്ല. പരിക്ക് ഭേദമാകാത്തതിനാൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാൽ ഈവർഷം മത്സരങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയാണെന്ന് ഫെഡറർ തന്നെയാണ് ഇന്നലെ വ്യക്തമാക്കിയത്. കാൽമുട്ടിനേറ്റ പരിക്കിന് കഴിഞ്ഞ ഫെബ്രുവരിയിൽ മുപ്പത്തിയെട്ടുകാരനായ ഫെഡറർ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
തിരിച്ച് വരവിന് ശ്രമിക്കുന്നതിനിടെ കുറച്ച് ആഴ്ചകൾക്ക് മുൻപ് എനിക്ക് വീണ്ടും പ്രയാസം നേരിട്ടു. എന്റെ വലത്തേ കാൽമുട്ടിൽ വീണ്ടും അർത്രോസ്‌കോപിക് ശസ്ത്രക്രിയ നടത്തണം. 100 ശതമാനം കായികക്ഷമത വീണ്ടെടുത്ത് കളിക്കളത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്. എല്ലാവരേയും മിസ് ചെയ്യും. 2021ൽ സീസണിന്റെ തുടക്കത്തിൽ നമുക്ക് വീണ്ടും കാണാം - ഫെഡറർ പറഞ്ഞു.