sabarimala

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഏ‍ർപ്പെടുത്തിയ വിർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങുന്നത് വൈകും. നാളെ ആരംഭിക്കുന്ന ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് ആറിന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് തന്ത്രിയും ദേവസ്വംബോർഡും വ്യത്യസ്ത നിലപാട് അറിയിച്ചിരുന്നതിനെ തുടർന്ന് നാളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടിയന്തര യോഗം വിളിച്ചിരുന്നു. നാളെ ദേവസ്വം ബോർഡ് അധികൃതരുമായും തന്ത്രിമാരുമായും സർക്കാർ ചർച്ച നടത്തുമെന്നും തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ യോഗത്തിന് ശേഷമായിരിക്കും ശബരിമല ദർശനത്തിന് ഭക്തരെ അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനമാകൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.