darren-sammy

കാലു പ്രയോഗം വ്യക്തമാക്കി ഇശാന്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ന്യൂഡൽഹി : ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തന്നെ ടീമംഗങ്ങൾ വംശീയമായി അധിക്ഷേപിച്ചെന്ന മുൻ വിൻഡീസ് നായകൻ മുഹമ്മദ് സമിയുടെ ആരോപണത്തെത്തുടർന്ന് ഇശാന്ത് ശർമ്മയും വി.വി.എസ്. ലക്ഷ്‌മണും വിവാദത്തിൽ. സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തന്നെയും ശ്രീലങ്കൻ താരം തിസര പെരേരയേയും കാലു എന്നായിരുന്നു വിളിച്ചിരുന്നതെന്നും കറുമ്പൻ എന്നാണ് അതിന്റെ അർത്ഥമെന്ന് ഇപ്പോഴാണ് തനിക്ക് മനസിലായതെന്നും ഇത് വംശീയാധിക്ഷേപമാണെന്നും സമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കരുത്തനെന്ന അർത്ഥത്തിലാണ് കാലു എന്ന് വിളിച്ചിരുന്നതെന്നാണ് താൻ കരുതിയതെന്നും സമി കൂട്ടിച്ചേർത്തിരുന്നു. സമി പറഞ്ഞപോലെ അദ്ദേഹത്തെ കാലു എന്ന് ടീമംഗങ്ങളും വിളിച്ചിരുന്നുവെന്നാണ് ഇശാന്തും ലക്ഷ്മണും ഉൾപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

2014 മേയ് 14ന് ഇശാന്ത് ശർമ്മ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ ഇശാന്ത്, ഡ്വെയിൻ സ്‌റ്റെയിൻ, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം സമിയുമുണ്ട്. ‘ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ചിത്രത്തിലുള്ളവരുടെ സ്ഥാനമനുസരിച്ചത് കാലു എന്ന് വിളിച്ചത് സമിയെയാണെന്ന് വ്യക്തമാണ്.

2014 നവംബർ 1ന് തന്റെ ട്വിറ്രർ അക്കൗണ്ടിൽ സമി തന്നെയിട്ട ഒരു ട്വീറ്രാണ് ലക്ഷ്മണിന് പാരയായിരിക്കുന്നത്. ലക്ഷ്മണിന് ജന്മദിന ആശംസകൾ അറിയിച്ചിട്ട ട്വീറ്റിൽ ഡാർക്ക് കാലു എന്ന് സമി ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ലക്ഷ്മണൻ സമിയെ കാലു എന്നാണ് വിളിച്ചിരുന്നെന്ന നിഗമനം ശക്തമായി.

നേരത്തെ, സൺ റൈസേഴ്സിൽ ഒരുമിച്ചു കളിച്ചിരുന്ന താരങ്ങളിൽ തന്നെ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർ നേരിട്ട് വിളിച്ച് സ്വന്തം ഭാഗം വിശദീകരിക്കണമെന്ന് സമി ആവശ്യപ്പെട്ടിരുന്നു. ആരൊക്കെയാണ് തന്നെ ആ പേരിൽ വിളിച്ചതെന്ന് വിളിച്ചവർക്കറിയാം. അവർ നേരിട്ട് വിളിച്ച് എന്തർത്ഥത്തിലാണ് അങ്ങനെ വിളിച്ചതെന്ന് വ്യക്തമാക്കണം. മോശം അർത്ഥത്തിലാണെങ്കിൽ അതെന്നെ തീർച്ചയായും വേദനിപ്പിക്കും. ഒപ്പം കളിച്ചിരുന്നവരെ സഹോദരങ്ങളെപ്പോലെ കരുതിയ തന്നോട് മാപ്പു പറയേണ്ടിവരും. അങ്ങനെയല്ല, കാലുവിന് സ്നേഹത്തോടെ വിളിക്കുന്ന മറ്റൊരു അർഥമുണ്ടെങ്കിൽ അതു പറയണം - സമി വ്യക്തമാക്കി. നേരിട്ട് വിളിച്ച് വിശദീകരിച്ചില്ലെങ്കിൽ അധിക്ഷേപിച്ചവരുടെ പേരു പുറത്തുവിടുമെന്നും സമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.