ന്യൂയോർക്ക് : കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുനിറുത്താൻ കഴിഞ്ഞില്ലെങ്കിൽ 1918ൽ സ്പാനിഷ് ഫ്ലൂ വിതച്ചതിന് സമാനമായ ദുരന്തമായിരിക്കും ഉണ്ടാകുകയെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 1918ൽ സ്പാനിഷ് ഫ്ലൂ മഹാമാരിയെതുടർന്ന് 5 മുതൽ പത്ത് കോടി ആൾക്കാരാണ് മരണത്തിന് കീഴടങ്ങിയത്. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സീസണൽ ഇൻഫ്ലുവൻസയുടെ രോഗി മരണ അനുപാതം (സി.എഫ്.ആർ) 0.1 ശതമാനം ആയിരുന്നെങ്കിൽ ചൈനയിലെ ഹൂബെ പ്രവിശ്യയിൽ കൊവിഡിന്റേത് 5.9 ശതമാനമായിരുന്നു. അതേസമയം ചൈനയിലെ മറ്റു പ്രദേശങ്ങളിൽ ഈ അനുപാതം 0.98 ശതമാനം ആയിരുന്നുവെന്ന് ഗവേഷണ പ്രബന്ധത്തിന് നേതൃത്വം നൽകിയ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഗാവോ ഫു പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന ആരോഗ്യമേഖലയെ സമ്മർദ്ദത്തിലാക്കുകയും ഇത് കൂടുതൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. സ്പാനിഷ് ഫ്ലൂവിന്റെ സി.എഫ്.ആർ രണ്ട് ശതമാനമായിരുന്നു. അഞ്ചു മുതൽ 10 കോടി വരെ പേരാണ് സ്പാനിഷ് ഫ്ലൂ പിടിപെട്ട് ലോകത്താകെ മരിച്ചത്.
മാർച്ച് 11നാണ് കൊവിഡിനെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.മേയ് 31 ഓടെ 200 രാജ്യങ്ങളിലാണ് കൊവിഡ് മഹാമാരി നാശം വിതച്ചത്. ജൂൺ ഒമ്പതോടെ 73 ലക്ഷം കൊവിഡ് രോഗികളാണ് ലോകത്താകെ ഉള്ളത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയുമാണ്. .
കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ കൊവിഡിനെ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞതായി ലേഖനത്തിൽ അവകാശപ്പെടുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാംഘട്ടആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകുമോ എന്ന ആശങ്കയും ലേഖനത്തിൽ പങ്കുവയ്ക്കുന്നു.
പ്രതിരോധ വാക്സിൻ കണ്ടുപിടിക്കുന്നതുവരെ കൊവിഡ് രോഗം നാശംവിതയ്ക്കുന്നത് തുടരുമെന്നും ലേഖനത്തിൽ പറയുന്നു