മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 94,041 ആയി. ബുധനാഴ്ച 149 പേരാണ് മരിച്ചത്. ഇതോടെ 3,438 മരണം റിപ്പോർട്ട് ചെയ്തു. 1879 പേർ കൂടി ബുധനാഴ്ച രോഗമുക്തി നേടിയതോടെ 44,517 പേർ മഹാരാഷ്ട്രയിൽ കൊവിഡിൽനിന്ന് മുക്തിനേടി. 46,074 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, മുംബയിൽ 52,667 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1857 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബയിലാണ്. കൊവിഡ് ഭീതി ഒഴിയാത്തതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും ഭാഗികമായി ഇളവുകൾ ചില മേഖലകളിൽ അനുവദിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച അറിയിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 50 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 145216 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5,991 പേർക്കാണ് രോഗംഭേദമായത്. രോഗമുക്തി നിരക്ക് 48.88 ശതമാനം. ഇതുവരെ 1,35,205 പേർക്ക് രോഗംഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം 1,33,632 ആണ്. ഇത് ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.