cracker

തിരുച്ചിറപ്പള്ളി:- മീൻപിടിക്കുന്നതിന് പ്രാദേശികമായി നിർമ്മിച്ച പടക്കം പലഹാരമാണെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസക്കാരനായ ഭൂപതി എന്നയാളുടെ മകനാണ് മരിച്ചത്. ഭൂപതിയുടെ കൂട്ടുകാരായ മൂന്നുപേർ ചേർന്ന് കാവേരി നദിയിൽ നിന്ന് മീൻപിടിക്കുവാനായി കൊണ്ടുവന്ന പടക്കം ബാക്കി വന്നത് ഇയാളുടെ വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്നു. കളിയ്ക്കിടയിൽ ഈ പടക്കം കണ്ട കുട്ടി പലഹാരമെന്ന് കരുതി കടിച്ചതും അത്യാഹിതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയും മുൻപ് കുട്ടി മരിച്ചു.

സംഭവം പുറത്തറിയുമോയെന്ന് ഭയന്ന് അന്നുതന്നെ ഇവർ കുട്ടിയുടെ സംസ്കാരം നടത്തി. എന്നാൽ വൈകാതെ വിവരമറിഞ്ഞ പൊലീസ് സംഭവത്തിന് കാരണക്കാരായ മൂന്ന് പേരെയും അറസ്റ്ര് ചെയ്തു. സംഭവത്തെ കുറിച്ചും ഇവർക്ക് സ്ഫോടക വസ്തുക്കൾ എങ്ങനെ ലഭിക്കുന്നു എന്നതിനെകുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.