ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളസിനിമയിലേക്കെത്തിയ അഭിനേത്രിയാണ് മന്യ. വക്കാലത്ത് നാരായണൻ കുട്ടി, കുഞ്ഞിക്കൂനൻ, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും വളരെ വേഗം മന്യയ്‌ക്ക് കഴിഞ്ഞു. വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞ മന്യ കുടുംബ സമേതം ഇപ്പോൾ അമേരിക്കയിലാണ്. എല്ലാവരെയും പോലെ ലോക്ക്ഡൗൺ മന്യയുടെ ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നു. അതെന്താണെന്ന് പറയുകയാണ് താരം. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മന്യ മനസു തുറന്നത്.
'ഡിസംബർ 31നാണ് ചൈനയിൽ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ നേരത്തെ ലോക്ക്ഡൗൺ ചെയ്യേണ്ടതായിരുന്നു. ഇവിടെയുള്ള ചൈനക്കാർ ചൈനീസ് ന്യൂ ഇയർ ആയ ലൂണാർസ് ന്യൂയറിന് പോയി വന്നപ്പോൾ ചൈനക്കാരിൽ നിന്ന് അമേരിക്കയിൽ കൊവിഡ് വൈറസ് പടർന്നു. അവർ തിരിച്ചു വരുംമുമ്പേ ലോക്ക്ഡൗൺ ചെയ്‌ത് എയർപോർട്ടുകളൊക്കെ അടച്ചിരുന്നെങ്കിൽ ഇത്രയും വലിയ വൈറസ് വ്യാപനം അമേരിക്കയിലുണ്ടാകുമായിരുന്നില്ല.
ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ ഇൻഷ്വറസ് ഉള്ളവർക്ക് പ്രതിമാസം 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും ഗവൺമെന്റ് നൽകുന്നുണ്ട്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള നടപടിക്രമങ്ങൾ വളരെയേറെയാണ്. ഭർത്താവ് വികാസ് വെസ്‌റ്റ് എൻഡിലാണ്. ഞാൻ ഈസ്‌റ്റ് എൻഡിലും. ആമസോണിൽ പ്രോഡക്‌ട് മാനേജരാണ് വികാസ്. വെസ്‌റ്റ് എൻഡിൽ നിന്ന് ഈസ്‌റ്റ് എൻഡിലേക്ക് ലോക്കൽ ഫ്ളൈറ്റുകളുണ്ട്. ആറര മണിക്കൂർ കൊണ്ട് പറന്നെത്താം. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല. വരുന്നത് റിസ്‌കാണ്.
ഞാൻ താമസിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ ശരിക്ക് പറഞ്ഞാൽ നമ്മുടെ മുംബയ് പോലൊരു സ്ഥലമാണ്. ചെറിയ ചെറിയ അപ്പാർട്ട്മെന്റുകളാണ് ഇവിടെ. ചിലപ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നും. ഇവിടെ ഞങ്ങൾ എല്ലാ ദിവസവും സന്ധ്യയ്‌ക്ക് ഏഴു മണി കഴിയുമ്പോൾ വീടിന് പുറത്തിറങ്ങി കൈയടിക്കാറുണ്ട്. സ്വന്തം ജീവൻ പോലും പണയം വച്ച് കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ പാടുപെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമാണത്'- മന്യ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം ജൂൺ ലക്കം ഫ്ളാഷ് മൂവീസിൽ.