കുൽഗാം:- ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലെ തൊണ്ണൂറാം ബറ്റാലിയനിലെ സിആർപിഎഫ് ജവാന്മാരിൽ 28 പേർക്ക് കൊവിഡ് പോസിറ്റീവായി. ജൂൺ 6ന് നഴ്സിങ് അസിസ്റ്രന്റായ 44 വയസ്സുകാരൻ സിആർപിഎഫ് കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ബറ്റാലിയനിലെ 75 ജവാന്മാരിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലത്തിലാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത് എന്ന് അധികൃതർ അറിയിച്ചു.
ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. ശേഷിക്കുന്നവരുടെ പരിശോധനാ ഫലം വൈകാതെ ലഭ്യമാകും. രോഗം സ്ഥിരീകരിച്ച 28 പേരെയും ഐസൊലേറ്ര് ചെയ്ത് കഴിഞ്ഞു. മുൻപ് മേയ് മാസത്തിൽ ഡൽഹിയിൽ 62 ജവാന്മാർക്ക് ഒരേ ദിവസം കൊവിഡ് പോസിറ്രീവായിരുന്നു. ഇതുവരെ രാജ്യത്ത് നാലോളം സിആർപിഎഫ് ജവാന്മാർ കൊവിഡ് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. പുതിയ പരിശോധനാ ഫലം വന്നതോടെ രാജ്യത്ത് രോഗം ബാധിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 516 ആയി. 353 പേർക്ക് രോഗം ഭേദമായി.