നായകനായും ഉപനായകനായും പ്രതിനായകനായും കൊമേഡിയനായും മലയാള സിനിമയിൽ നാലുപതിറ്റാണ്ടായി
നിറഞ്ഞു നിൽക്കുന്ന വിജയരാഘവൻ സംസാരിക്കുന്നു...
വിജയരാഘവന്റെ അഭിനയജീവിതം നാലുപതിറ്റാണ്ട് പിന്നിടുന്നു.ആദ്യം നായകനായി അഭിനയിച്ചത് സുറുമയിട്ട കണ്ണുകൾ. എന്നാൽ ശ്രദ്ധേയനാക്കിയത് ജോഷിയുടെ മമ്മൂട്ടി സിനിമ ന്യുഡൽഹി. പിന്നേ എത്രയോ വേഷപ്പകർച്ചകൾ. നായകനായും, ഉപനായകനായും പ്രതിനായകനായും കൊമേഡിയനായും എത്തി നടത്തിയ വേഷപ്പകർച്ചകൾ. ആക് ഷനും സ്വഭാവിക വേഷകളും വിജയരാഘവന് എന്നും അനുയോജ്യ കുപ്പായങ്ങൾ. എന്നും നാടകം തന്നെയാണ് വിജയരാഘവന്റെ അരങ്ങ്. പ്രേക്ഷകനെ വിസ് മയിപ്പിച്ച ചേറാടി കറിയ തുടങ്ങി ദേശാടനം അടക്കം തിളങ്ങിയ എത്രയെത്ര ചിത്രങ്ങൾ...വിജയരാഘവൻ എന്ന നടന്റെ അഭിനയ സിദ്ധി സിനിമ ഇനിയും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.നടൻ ഒരു കളിമണ്ണ് പോലെയാണ്.അതിൽ നിന്ന് ഏത് ശിൽപ്പം വേണമെങ്കിലും ഉണ്ടാക്കാനാവും; ആ അഭിനയ ശേഷിയെ പ്രയോജനപ്പെടുത്തുന്ന സംവിധായകർ ഉണ്ടെങ്കിൽ .അതുല്യ നടനായ വിജയരാഘവൻ സംസാരിച്ചപ്പോൾ.
അഭിനയിക്കുമ്പോൾ ഏതെങ്കിലും റഫറൻസുകൾ തേടാറുണ്ടോ ?
നമ്മൾ കണ്ടു മറന്ന ചിലവ്യക്തികളുടെ സ്വഭാവത്തിന്റെയോ അംഗവിക്ഷേപത്തിന്റെയോ അംശങ്ങൾ നമ്മൾ അറിയാതെ അഭിനയിക്കുമ്പോൾ വരാറുണ്ട്. ഏകലവ്യൻ എന്ന ചിത്രത്തിലെ ചേറാടി കറിയ എന്ന കഥാപാത്രം ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട സമ്പന്നനായ ഒരു പയ്യന്റെ ഓർമ്മയിൽ ചെയ്തതാണ്. നോട്ടത്തിലും സംസാരത്തിലുമെല്ലാം നല്ല അഹങ്കാരമുള്ള പയ്യൻ. പൂർണമായിട്ടല്ലെങ്കിലും അവന്റെ ചില മാനറിസങ്ങളാണ് ചേറാടി കറിയയിൽ ഉപയോഗിച്ചത്. ഇരുപതു വയസുള്ളപ്പോൾ കണ്ട ആ പയ്യൻ പ്രായമായാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ചേറാടി കറിയയുടെ മാനറിസങ്ങൾ കിട്ടിയത്.
നിരവധി രാഷ്ട്രീയ നേതാക്കളുടെ കഥാപാത്രങ്ങൾ താങ്കൾ അവതരിപ്പിച്ചിട്ടുണ്ടല്ലോ?
നിരവധി രാഷ്ട്രീയ നേതാക്കളെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ലെഫ്ട് റൈറ്റ് ലെഫ്ട് എന്നസിനിമയിൽ വി.എസ് . അച്യുതാനന്ദന്റെ ശൈലി അറിയാതെ കയറി വന്നിട്ടുണ്ട്. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗത്തിൽ ഞാൻ അവതരിപ്പിച്ചത് മുഖ്യമന്ത്രിയുടെ വേഷമായിരുന്നു. ആ സിനിമ കണ്ട പലരും പറഞ്ഞത് കെ. കരുണാകരനെപ്പോലെയുണ്ടെന്നാണ്. ഞാൻ മനസിൽപ്പോലും അദ്ദേഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. രാമലീലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ ജില്ലാ സെക്രട്ടറിയുടെ വേഷമായിരുന്നു. ഒരു ജില്ലാ സെക്രട്ടറിയുടെ മാനസികാവസ്ഥ കൃത്യമായി എന്റെ മനസിൽ ഉറപ്പിച്ച ശേഷമാണ് ആ കഥാപാത്രം അവതരിപ്പിച്ചത്.
എന്താണ് വിജയരാഘവൻ എന്ന നടന്റെ പരിമിതികൾ ?
ധാരാളം പരിമിതികളുള്ള നടനാണ് ഞാൻ. എനിക്ക് ചെയ്യാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ചില കോമഡി കഥാപാത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്താൽ ജനം സ്വീകരിക്കില്ലെന്ന് എനിക്ക് വ്യക്തമായിട്ടറിയാം . എന്നാൽ ചില കോമഡി കഥാപാത്രങ്ങൾ എനിക്ക് കഴിയുന്ന രീതിയിലേക്ക് ഞാൻ മാറ്റിയെടുക്കാറുണ്ട്. സീനിയേഴ്സിലെ പ്രിൻസിപ്പലിന്റെ വേഷമൊക്കെ ഞാൻ അങ്ങനെ മാറ്റിയെടുത്ത കഥാപാത്രമാണ്.ഇന്നസെന്റിനും ജഗതി ചേട്ടനുമൊക്കെ വേണ്ടി എഴുതിവച്ചിട്ടുള്ള ചില കഥപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അവർക്കു ഡേറ്റില്ലാതെ വരുമ്പോഴാണ് എന്നെ സമീപിക്കുന്നത്. ഇന്നസെന്റിനും ജഗതിക്കും അനുസരിച്ചു എഴുതി വച്ചിട്ടുള്ള ചില സംഭാഷണങ്ങൾ ഞാൻ എന്റെ ശൈലിയിലേക്ക് മാറ്റും. മറ്റൊരാളുടെ ശൈലിക്കനുസരിച്ചു എഴുതി വച്ചിട്ടുള്ള സഭാഷണങ്ങൾ അതേപോലെ അനുകരിക്കാൻ എനിക്ക് കഴിയില്ല. ഒരിക്കലും മിമിക്രി കാണിക്കാൻ താത്പര്യവുമില്ല. അഭിനയിച്ച പല കഥാപാത്രങ്ങളും പിന്നീട് കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ട്.
സാങ്കേതിക വിദ്യയുടെ മാറ്റത്തെക്കുറിച്ച് ?
സാങ്കേതിക വിദ്യയുടെ മാറ്റം ശക്തമായിത്തന്നെ ഇന്നത്തെ സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. പണ്ട് കാലത്തു ഫിലിം വേസ്റ്റാവും എന്നതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ഇപ്പോൾ ഇരുപത് ടേക്കെടുത്താലും അമ്പത് ടേക്കെടുത്താലും ഫിലിം വേസ്റ്റാകുമെന്ന പേടി വേണ്ട. റിഹേഴ്സൽ ഇല്ലാതെ തന്നെ ചുമ്മാ ടേക്കെടുക്കാം . ഗ്രാഫിക്സ് വന്നതിനു ശേഷം ഫ്രെയിമിൽ എന്തു മിസ്റ്റേക്ക് വന്നാലും അത് ഇല്ലാതാക്കാം.
ഇന്നത്തെ പ്രൊഫഷണൽ നാടകരംഗത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടോ ?
തീർച്ചയായുംഅന്വേഷിക്കാറുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ അച്ഛന്റെ നാടക സമിതിയായ വിശ്വകേരള കലാസമിതിയുടെ പേരിൽ ഞാൻ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അച്ഛന്റെ കാലത്തെ നാടകത്തിനും ഇക്കാലത്തെ നാടകത്തിനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നാട്ടിൽ നടക്കുന്ന സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും ദുരാചാരങ്ങൾക്കെതിരെയും മറയില്ലാതെ പച്ചയായി പ്രതികരിക്കുന്ന നാടകങ്ങൾ ആയിരുന്നു പണ്ട് ഉണ്ടായിരുന്നത്. പി.ജെ .ആന്റണി , എസ് .എൽ. പുരം സദാനന്ദൻ, തോപ്പിൽ ഭാസി, തിക്കോടിയൻ , പൊൻകുന്നം വർക്കി തുടങ്ങിയ എന്തും വെട്ടിത്തുറന്നു പറയുന്ന ധീരന്മാരായ നാടക രചയിതാക്കളായിരുന്നു അന്നുണ്ടായിരുന്നത്.
ദൈവത്തെയും രാഷ്ട്രീയ പാർട്ടികളെയും ഭരണ വർഗത്തെയുമൊക്കെ വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു സാമൂഹിക പശ്ചാത്തലം അന്നുണ്ടായിരുന്നു. ഈശ്വരൻ അറസ്റ്റിൽ , സുപ്രീം കോർട്ട് തുടങ്ങിയ നാടകങ്ങളൊക്കെ അന്നത്തെ ജാതി മത രാഷ്ട്രീയ സാഹചര്യങ്ങൾക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായിരുന്നു.അന്ന് സിനിമയിലും നാടകത്തിലും ഇന്നത്തെപ്പോലെ ഭരണകൂടവും രാഷ്ട്രീയ സാമുദായിക സംഘടനയും അപകടകരമായി ഇടപെടുന്ന പതിവില്ല. അച്ഛനൊക്കെ നാടകത്തിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഏകദേശം 1500 ൽ കൂടുതൽ ൈഫൻ ആർട്സ് സൊസൈറ്റികൾ ഉണ്ടായിരുന്നു. ഓരോ നാടക സമിതിക്കും വർഷം മുഴുവൻ നാടകം കളിക്കാൻ അത്തരം വേദികൾ മാത്രം മതിയായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി.