trump

വാഷിങ്ടൺ:- കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വിപണി ഉണർന്നതിനാലും ജനങ്ങൾ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്റെ നല്ല ലക്ഷണങ്ങൾ അമേരിക്കയിൽ ഇപ്പോൾ പ്രകടമാണ്.

'വരും ആഴ്ചകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വീണ്ടും മെച്ചപ്പെടും. വൈകാതെ ലോകത്തെ മികച്ച വിപണി നമ്മുടേതാകും.' ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 'ചൈനയിൽ നിന്ന് വന്ന രോഗം' എന്ന് കൊവിഡിനെ കുറിച്ച് വീണ്ടും ട്രംപ് പരാമർശം നടത്തി. 'ചൈനയിൽ നിന്നുള്ള രോഗം വരുന്നതിന് മുൻപുള്ള നിലയിലേക്ക് വിപണിയെ തിരികെ എത്തിച്ചിട്ടുണ്ട്.' ട്രംപ് അവകാശപ്പെട്ടു. താൻ പറഞ്ഞതുപോലെ രോഗം വളരെ മുൻപ് തന്നെ ചൈനയിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ വർഷങ്ങളോളം സമയമെടുത്താലേ ഇപ്പോഴുള്ള തൊഴിലില്ലായ്മ പരിഹാരമാകൂ എന്നാണ് പഠനങ്ങളിൽ നിന്ന് വരുന്ന വിവരം. ഈ ആഴ്ച ആദ്യം അമേരിക്കൻ ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോ അറിയിച്ചത് പ്രകാരം അമേരിക്ക സാമ്പത്തിക മാന്ദ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞു.

എന്നാൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്എനാനി അമേരിക്കൻ വിപണി മടങ്ങിവരവിന്റെ പാതയിലാണെന്നാണ് അഭിപ്രായപ്പെട്ടത്. 'രാജ്യം സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദങ്ങളിൽ ശക്തിയോടെ സാമ്പത്തിക രംഗം തിരികെയെത്തും.' അവർ അഭിപ്രായപ്പെട്ടു.