cinema-
CINEMA

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി മലയാള സിനിമ പുതിയ ഉണർവിലായിരുന്നല്ലോ .വൈഡ് റീലിസിലൂടെ കേരളത്തിനൊപ്പം രാജ്യാന്തരതലത്തിലും സിനിമകൾ റിലീസ് ചെയ്യുകയും അതിലൂടെ സാമാന്യം ഉയർന്ന തിയേറ്റർ കളക്ഷൻ പല സിനിമകൾക്കും ലഭിക്കുകയും ചെയ്തിരുന്നു .തുടർന്ന് സാറ്റലൈറ്റ് അവകാശ വിൽപന ,ഒ .ടി .ടി തുടങ്ങിയ മികച്ച വരുമാന മാർഗങ്ങൾ .അങ്ങനെ സിനിമ വളർച്ചയുടെ പുതിയ പാതയിൽ ആയിരുന്നു . ഈ അവസരത്തിലാണ് മാർച്ച് മാസത്തോടെ ,കൊവിഡ് ബാധയെത്തുടർന്ന് തിയേറ്ററുകൾ പൊടുന്നനെ അടച്ചു പ്രദർശനം നിർത്തേണ്ടിവന്നത് .മാർച്ച് 10 ന് ഇന്ത്യയിൽ ആദ്യമായി തിയേറ്ററുകൾ അടച്ച സംസഥാനവും കേരളം തന്നെയായിരുന്നു .പൊതുവെ ഏപ്രിൽ ,മെയ് മാസങ്ങൾ മലയാള സിനിമക്ക് മികച്ച തിയേറ്റർ കളക്ഷൻ ലഭിക്കുന്ന കാലയളവാണ് .തിയേറ്ററുകൾ അടക്കുകയും പിന്നാലെ സിനിമാ ചിത്രീകരണവും അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്‌ക്കുകയും ചെയ്‌തതോടെ ചലച്ചിത്ര മേഖല ഉപജീവനമാക്കിയ പതിനായിരത്തിലേറെ സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പ്രതിസന്ധിയിലാകുകയും ചെയ്‌തു . മഹാമാരിയും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ അല്ലെങ്കിൽ മഹാമാരികളിൽ നിന്ന് സിനിമ അതിജീവനം നടത്തിയത്‌ എങ്ങനെയെന്നും ആലോചിക്കുമ്പോൾ 1896 -97 ൽ ഇന്ത്യയെ ബാധിച്ച പ്ളേഗിനെ പരാമർശിക്കേണ്ടതുണ്ട് .ലോക പ്രശസ്ത ചിത്രകാരൻ ,രാജാ രവിവർമ്മയെ ലോകം അറിയുന്ന കലാകാരനാക്കിയതിൽ മുഖ്യ പങ്കുവഹിച്ചത് ,അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ മുംബൈയിലെ പ്രസിൽ അച്ചടിച്ച് ലോകം മുഴുവൻ എത്തിച്ചിരുന്ന ചിത്രങ്ങളുടെ പ്രിന്റുകളാണ് .പ്ളേഗ് ബാധിച്ച്,രവിവർമ്മയുടെ സഹോദരനും പ്രസിന്റെ പ്രധാന നടത്തിപ്പുകാരനുമായിരുന്ന രാജ വർമ്മ മരിച്ചതോടെ ,പ്രസ് നടത്തിക്കൊണ്ടുപോകാൻ രവിവർമ്മക്കു മാനസികമായി ബുദ്ധിമുട്ടായി .അദ്ദേഹം പ്രസ് ഒരു ജർമൻകാരന് വിറ്റു .അങ്ങനെ വിറ്റുകിട്ടിയ തുകയിൽ നല്ലൊരു പങ്ക് ,രവിവർമ തന്റെ കീഴിൽ ടെക്‌നീഷ്യനായി പ്രവർത്തിച്ചിരുന്ന ദുന്തിരാജ് ഗോവിന്ദ് ഫാൽക്കേക്കു നൽകി .1913 ൽ ഇന്ത്യയിലെ ആദ്യ സിനിമ "രാജാഹരിശ്ചന്ദ്ര "യുടെ സംവിധായകനും നിർമ്മാതാവുമായി വളരാൻ ഫാൽക്കേക്കു കഴിഞ്ഞത് അങ്ങനെയാണ് . അതുപോലെ 1918 ലെ സ്പാനീഷ് ഫ്ലൂ വിന്റെ സമയത്തു കുറച്ചു തിയേറ്ററുകളെ ഉണ്ടായിരുന്നുള്ളു .ഫ്ലൂ ബാധയെ തുടർന്ന് തീയേറ്ററുകൾ അടയ്ക്കാൻ ന്യൂയോർക്ക് ഗവർണർ ഉത്തരവിട്ടിരുന്നുവെങ്കിലും നിബന്ധനകളോടെ അവ തുറക്കാൻ ഗവർണർ താമസിയാതെ അനുവാദം നൽകി .ഫ്ലൂ ബാധ മൂലം മാനസിക വിഷമത്തിലായ ജനങ്ങളെ ,പിരിമുറുക്കത്തിൽ നിന്ന് മോചിപ്പിക്കാൻ ചലച്ചിത്ര ആസ്വാദനത്തിലൂടെ കഴിയുമെന്ന് ഗവർണർക്കു മനസിലായി എന്നതായിരുന്നു കാരണം . രണ്ടാം ലോക മഹായുദ്ധകാലത്തും ജനങ്ങളുടെ ഏറ്റവും വലിയ വിനോദോപാധി സിനിമ തന്നെയായിരുന്നു .യുദ്ധവാർത്തകൾ അടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിനായി ഭരണകൂടം തിയേറ്ററുകളെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത് .കാണികളായെത്തുന്നവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും യുദ്ധത്തിൽ പങ്കെടുത്തിരുന്നതിനാൽ ,ജനങ്ങൾക്ക് മാനസിക പിന്തുണ നൽകാനും അന്ന് സിനിമക്ക് കഴിഞ്ഞു . രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുള്ള പട്ടിണിയും ദാരിദ്ര്യവും തൊഴിൽ ഇല്ലായ്‌മയും സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷമാണ് ,പിൽക്കാലത്തു ലോകസിനിമയുടെ ഗതിമാറ്റിയ ആവിഷ്കാര ശൈലി "നിയോ റിയലിസ"ത്തിന്റെ പിറവിക്കു കാരണമായതും ."റോം ഓപ്പൺ സിറ്റി "യിൽ തുടങ്ങി "ബൈസൈക്കിൾ തീവ്‌സ് "ലൂടെ "പഥേർ പാഞ്ചാലി "വഴി മലയാളത്തിൽ "ന്യൂസ് പേപ്പർ ബോയ് "യിലേക്ക് എത്തിയ നിയോ റിയലിസം .


കൊവിഡ് കാലത്തു ഇന്നും ജനങ്ങളെ ഒറ്റപ്പെടലിൽ നിന്നും രോഗഭീതിയിൽ നിന്നും ഒഴിച്ചു നിർത്തിയത് സിനിമ തന്നെയാണ് .ടി വി ,ലാപ്‌ടോപ് ,മൊബൈൽ ഫോൺ ,ടാബ് ,ഐ പാഡ് എന്നിങ്ങനെ പല സങ്കേതങ്ങളിൽ ദിവസം മൂന്നും നാലും സിനിമകൾ കണ്ടു .ലോക്ക് ഡൌൺ ,ചലച്ചിത്രാസ്വാദനത്തിൽ വലിയ മാറ്റം ഉണ്ടാക്കി .വിവിധ ധാരകളിൽ പെട്ട ലോക സിനിമകൾ നൊടിയിടക്കുള്ളിൽ ഫ്രീ ഡൗൺലോഡിലൂടെ കാണുന്ന പ്രേക്ഷകന്റെ കാഴ്ച ശീലങ്ങൾ നവീകരിക്കപ്പെടുകയാണ് .


കൊവിഡ് അനന്തര കാലം ,പുതിയ കാലമാണ് .പുതിയ ജീവിതവും .പുതിയ കാലത്തിൽനിന്നും ജീവിതത്തിൽ നിന്നും പുതിയ സിനിമയാവും ജനിക്കുക .

കലാമൂല്യമുള്ള ചെറുബജറ്റ്‌ സിനിമകൾക്ക് കൂടുതൽ പ്രാധാന്യവും അവസരവും ഉണ്ടാവുമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുഎന്നാൽ വൈഡ് തിയേറ്റർ റിലീസ് എങ്ങനെ സാധ്യമാവും ? സിനിമകളുടെ വലിയ വിജയത്തിന് വൈഡ് റിലീസ് കൂടിയേ തീരു .തീയേറ്ററുകൾ എന്നുമുതൽ സജീവമാകുമോ അന്നേ ചലച്ചിത്രനിർമ്മാണവും വീണ്ടും സജീവമാകൂ .
പ്രമേയം ,ഘടന ,നിർമ്മാണം ,പ്രദർശനം എന്നി വഴികളിൽ പുതിയ മാർഗങ്ങൾ കണ്ടെത്തി ,സിനിമ അതിജീവിക്കുക തന്നെചെയ്യും .


(ചലച്ചിത്ര സംവിധായകനാണ് ലേഖകൻ, ഫോൺ-94473 02117)