നീ വല്ല്യ ഐശ്വര്യ റായി അല്ലേ?​ എന്ന് കേൾക്കാത്ത പെൺകുട്ടികൾ കാണില്ല. എന്നാൽ തൊടുപുഴക്കാരിയായ അമൃതയെ കണ്ടാൽ ആരും ഐശ്വര്യ റായി അല്ലെന്ന് പറയുകയില്ല. സ്നേഹ ഉള്ളാൾ,​ മാനസി റായി തുടങ്ങിയ പ്രമുഖ നടികൾക്ക് മുൻ ലോകസുന്ദരിയോട് സാമ്യം ഉണ്ടെങ്കിലും, ഇരിപ്പിലും,​ നടപ്പിലും,​ നോട്ടത്തിലും​ ഇത്രയേറെ രൂപ സാദൃശ്യം കാണാൻ കഴിയില്ല. തൊടുപുഴ കോലാനി സ്വദേശിനിയായ അമൃത സജുവിന് ഐശ്വര്യാ റായിയോട് സാമ്യമുണ്ടെന്ന് ആദ്യമായി പറ‌ഞ്ഞത് അനുജത്തി അപർണയാണ്.

aishwarya-rai

രണ്ട് വർഷമായി ടിക്-ടോക്കിൽ സജീവമായ അമൃത,​ അനിയത്തിയുടെ നിർദ്ദേശപ്രകാരമാണ് ഐശ്വര്യ റായി അഭിനയിച്ച കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന സിനിമയുടെ ഡയലോഗ് അഭിനയിച്ചത്. എന്നാൽ അത് ടിക് ടോക്കിൽ മാത്രമല്ല സമൂഹ മാദ്ധ്യമങ്ങളിലാകമാനം വൈറലായി. ചുരുങ്ങിയ ദിവസം കൊണ്ട് 12 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. വീട്ടുകാരുടെയും കൂട്ടുകാരുടെയും മികച്ച പിന്തുണയോടെയാണ് അമൃത ടിക്-ടോക് വീഡിയോ ചെയ്തുന്നത്.

കഴിഞ്ഞ വർഷം ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന സുനിൽ കാര്യറ്റുകര സംവിധാനം ചെയ്ത പിക്കാസോ എന്ന സിനിമയിൽ ഹീറോയിനായി അമൃത അഭിനയിച്ചിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദന്റെ കസിനായ സിദ്ധാർത്ഥാണ് നായകവേഷം കൈകാര്യം ചെയ്യുന്നത്. പെരുമ്പാവൂർ ജയഭാരത് കോളജിലെ ബി.സി.എ പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിന് തയ്യാറെടുക്കുന്ന അമൃത,​ നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിലും അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ദേശീയ തലത്തിലും ഈ തൊടുപുഴക്കാരി ശ്രദ്ധ നേടിയിട്ടുണ്ട്. അമ്മൂസ് അമൃത എന്നാണ് ടിക് ടോക്ക് യൂസർ ഐടി. ഓട്ടോ ഡ്രൈവറായ സജു വിശ്വനാഥിന്റെയും മായയുടെയും മകളാണ് അമൃത.