gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 400 രൂപ വർദ്ധിച്ച് വില 35,120 രൂപയായി. 50 രൂപ ഉയർന്ന് 4,390 രൂപയാണ് ഗ്രാം വില. മേയ് 18ലെ റെക്കാഡാണ് പഴങ്കഥയായത്. അന്ന് പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പവന് കൂടിയത് 960 രൂപ; ഗ്രാമിന് 120 രൂപ.

ന്യൂഡൽഹി ബു‌ള്‌ള്യൻ വിപണിയിൽ പത്തുഗ്രാമിന് 400 രൂപ വർദ്ധിച്ച് വില 47,235 രൂപയായി. രാജ്യാന്തര വിപണിയിൽ കഴിഞ്ഞവാരം ഔൺസിന് 1,720 ഡോളറിൽ താഴെയായിരുന്ന വില, ഇന്നലെയുള്ളത് 1,734 ഡോളറിലാണ്.

വിലക്കുതിപ്പിന്

പിന്നിൽ

1. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ നിലനിറുത്തിയതും 2020ൽ ജി.ഡി.പി വളർച്ച 6.5 ശതമാനം ഇടിയുമെന്ന് അഭിപ്രായപ്പെട്ടതും ഓഹരി വിപണികളെ തളർത്തി.

2. മാന്ദ്യത്തിൽ നിന്ന് ആഗോള സമ്പദ്‌രംഗം ഉടൻ ഉയർത്തെണീക്കില്ലെന്ന സൂചനയാണ് ഫെഡറൽ റിസർവ് നൽകുന്നത്.

3. ഇതോടെ, നിക്ഷേപകർ ഓഹരികളിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ച്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ഒഴുക്കി.

4. ഇന്ത്യയിൽ ഓഹരി വിപണികളുടെ തളർച്ചയും ഡോളറിനെതിരെ രൂപ ദുർബലമായതും സ്വർണവില വർദ്ധനയ്ക്ക് ആക്കം കൂട്ടി.

വില ഇങ്ങനെ

പവൻ : ₹35,120 (+400)

ഗ്രാം : ₹4,390 (+50)

ഉയർച്ചയുടെ പാത

(പവൻ വിലയിലേക്ക് തിരിഞ്ഞുനോട്ടം)

1925 : ₹13.75

1975 : ₹396

1990 : ₹2,493

2000 : ₹3,212

2010 : ₹12,280

2019 : ₹23,720

2020 : ₹35,120*

(*ഇന്നലത്തെ വില)

₹24,320

കഴിഞ്ഞവർഷം ജൂൺ 11ന് പവൻ വില 24,320 രൂപയായിരുന്നു. ഒരുവർഷത്തിനിടെ സ്വർണക്കുതിപ്പ് 10,800 രൂപ.

₹6,120

ഈവർഷം (2020) ഇതുവരെ പവന് കൂടിയത് 6,120 രൂപ.

വില എങ്ങോട്ട്?

നിലവിലെ ട്രെൻഡ് തുടർന്നാൽ, രാജ്യാന്തരവില 1,800 ഡോളറും കേരളത്തിൽ പവൻ വില 36,000 രൂപയും വൈകാതെ മറികടക്കും. എന്നാൽ, നിക്ഷേപകർ ഉയർന്നവില മുതലെടുത്ത് ലാഭമെടുപ്പ് നടത്തിയാൽ വില താഴും.

വില നിർണയം

രാജ്യാന്തര സ്വർണവില (ലണ്ടൻ വിപണി), ബോംബെയിൽ നിന്നുള്ള ബാങ്ക് റേറ്റ്, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ സ്വർണവില നിശ്‌ചയം. ഈ റേറ്റിൽ നിന്ന് മാർജിൻ പൂർണമായും ഒഴിവാക്കിയാണ് കേരളത്തിൽ വില നിശ്‌ചയിക്കുന്നത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ 3% വരെ മാർജിൻ ഇടുന്നതിനാൽ, അവിടെ കേരളത്തിലേക്കാൾ വില കൂടുതലാണ്.

''സ്വർണാഭരണ ഷോറൂമുകൾ വീണ്ടും തുറന്നെങ്കിലും വിപണിയിൽ പൊതുവേ ഉണർവില്ല. വിവാഹ സീസൺ കഴിഞ്ഞതും സമ്പദ്‌ഞെരുക്കവും ഉയർന്ന വിലയുമാണ് കാരണം. മിഥുനം, കർക്കടകം കഴിഞ്ഞ്, ചിങ്ങത്തോടെ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ""

അഡ്വ.എസ്. അബ്‌ദുൽ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ.