ബ്രസൽസ്:- സ്വന്തം വീട്ടിലെ വലിയ തോട്ടത്തിൽ മാരത്തൺ നടത്തം ചെയ്യാനൊരുങ്ങുകയാണ് അൽഫോൺസ് ലിംപോയൽസ് എന്ന 103 വയസ്സുകാരനായ മുൻ ഡോക്ടർ. കൊവിഡ് രോഗകാരിയായ കൊറോണ വൈറസിനെതിരെയുള്ള ഗവേഷണത്തിന് പണം സമ്പാദിക്കാനാണ് ബെൽജിയത്തിലെ ബ്രസൽസിന് അടുത്തുള്ള റോട്ട്സെലാർ മുനിസിപ്പാലിറ്റിയിലെ അൽഫോൺസിന്റെ ഈ വലിയ ശ്രമം.
ജൂൺ 1 മുതൽ 30 വരെയാണ് 42.2 കിലോമീറ്രർ നീളം വരുന്ന മാരത്തൺ നടത്തം അൽഫോൺസ് ചെയ്യുക. നൂറ് വയസ്സുകാരനും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തയാളുമായ ടോം മൂർ എന്ന ബ്രിട്ടീഷ് പൗരൻ തന്റെ തോട്ടത്തിന് ചുറ്റും നടന്ന് നേടിയ നാല്പത് മില്യൺ അമേരിക്കൻ ഡോളർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വേണ്ടി വിനിയോഗിച്ചതാണ് ഈ സംരംഭം തുടങ്ങാൻ അൽഫോൺസ് ലിംപോയൽസിന് പ്രചോദനമായത്. ദിവസവും 145 മീറ്റർ വീതം പത്ത് ലാപ്പ് നടക്കും. മൂന്ന് ലാപ്പ് രാവിലെ, മൂന്നെണ്ണം ഉച്ചയ്ക്ക്, നാലെണ്ണം വൈകുന്നേരവുമാകും നടക്കുക.
തന്റെ കുട്ടികളും പേരക്കുട്ടികളും പ്രോത്സാഹിപ്പിച്ചതോടെയാണ് ഈ വലിയ ഉദ്യമത്തിന് ധൈര്യമായി പുറപ്പെട്ടതെന്ന് അൽഫോൺസ് പറയുന്നു. കൊവിഡ് ഗവേഷകരുള്ള ലിയുവെൻ സർവ്വകലാശാലയുടെ ആശുപത്രിയിൽ ലഭ്യമാകുന്ന പണം നൽകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.