sanjitha-chanu

ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ സഞ്ജിത ചാനു ഉത്തേജകമരുന്നടിച്ചില്ലെന്ന് ഒടുവിൽ ഇന്റർ നാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ

സാംപിൾ എടുത്തതിലെ പൊരുത്തക്കേടാണ് പ്രശ്നമായതെന്ന് കുറ്റസമ്മതം

ന്യൂഡൽഹി : മൂന്ന് വർഷം നീണ്ട നാണക്കേടിനും അപമാനത്തിനുമൊടുവിൽ സത്യം തെളിഞ്ഞു, സഞ്ജിത ചാനു ഉത്തേജകമരുന്നടിച്ചിട്ടില്ല. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും പരിശോധനകൾക്കുമൊടുവിൽ ഇന്റർ നാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനാണ് (ഐ.ഡബ്ല്യു.എഫ്) ചാനു നിരപരാധിയാണെന്ന് പ്രഖ്യാപിച്ചത്.

പരിശോധനയ്ക്ക് എടുത്ത സാമ്പിളിലെ പൊരുത്തക്കേട് മൂലമാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് തെളിഞ്ഞതിനാൽ ചാനുവിന്റെ വിലക്ക് പൂർണമായും പിൻവലിക്കുന്നതായും ഫെഡറേഷൻ അറിയിച്ചു.

ഉത്തേജക പരിശോധനയുടെ ഫലം പുറത്തുവന്നതുമുതൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചിരുന്ന ചാനുവിന് ഇൗ പ്രഖ്യാപനം വെെകിയെത്തിയ നീതിയാണ്. എന്നാൽ ഒരു പ്രഖ്യാപനം കൊണ്ട് ഫെഡറേഷൻ അങ്ങനെ കൈ കഴുകിപ്പോകേണ്ട എന്നാണ് ഇരുപത്തിയാറുകാരിയായ ഇൗ മണിപ്പൂരി ഭാരോദ്വഹന താരം പറയുന്നത്. പരിശോധനയുടെ ആദ്യഫലം പുറത്തുവന്നതു മുതൽ താൻ നേരിട്ട മനപ്രയാസത്തിനും അവസരനഷ്ടത്തിനും ഐഡബ്ല്യുഎഫ് മാപ്പു പറയുകയും നഷ്ടപരിഹാരം നൽകുകയും വേണമെന്നു താരം ആവശ്യപ്പെട്ടു. ഇ– മെയിൽ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി ഐഡബ്ല്യുഎഫ് അറിയിച്ചത്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി(വാഡ)യുടെ നിർദേശമനുസരിച്ചാണ് നടപടി.

2017 നവംബറിൽ അമേരിക്കയിൽ നടന്ന ലോകചാംപ്യൻഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാമ്പിളിൽ അനബോളിക് സ്റ്റിറോയ്ഡ് സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 2018 മേയ് 15ന് ആദ്യവിലക്ക് നിലവിൽവന്നു. അതേവർഷം സെപ്റ്റംബറിൽ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചു. എന്നാൽ, സാംപിൾ എടുത്തതിലും പരിശോധിച്ചതിലും സംഭവിച്ച പൊരുത്തക്കേടാണ് തെറ്റായ റിപ്പോർട്ട് ലഭിക്കാൻ കാരണമെന്നു പിന്നീടു വ്യക്തമായി. ചാനുവിന്റെ സാമ്പിൾ പരിശോധിച്ച യുഎസിലെ സോൾട്ട് ലേക്ക് സിറ്റിയിലെ ലാബിന്റെ അംഗീകാരം അടുത്തയിടെ റദ്ദാക്കിയിരുന്നു.

2014, 2018 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണമെഡൽ ജേത്രിയാണു ചാനു. 53 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് സ്നാച്ച് റെക്കോർഡും ചാനുവിന്റെ പേരിലാണ്.

‘കുറ്റവിമുക്തയാക്കിയതിൽ ഞാൻ സന്തുഷ്ടയാണ്. പക്ഷേ, നാളിത്രയും ഞാൻ അനുഭവിച്ച മനോവിഷമത്തിന് ആരു പരിഹാരം കാണും? ഈയൊരു വിലക്കിന്റെ പേരിൽ എന്റെ ടോക്കിയോ ഒളിംപിക്സ് സാധ്യത വരെ നഷ്ടമായി. ജീവിതം മുഴുവൻ സമർപ്പിച്ച ഒരു അത്‌ലറ്റിനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’

– സഞ്ജിത ചാനു