akash-chopra

ന്യൂഡൽഹി : ഇംഗ്ലണ്ടില്‍ ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനിടെ എതിർ ടീമിൽ കളിച്ചിരുന്ന രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ നിന്ന് തനിക്ക് വംശീയാധിക്ഷേപം നേരിട്ടതായി മുൻ ഇന്ത്യൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐ.പി.എല്ലിനിടെ സൺറൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരങ്ങളിൽ നിന്നും കാണികളിൽ നിന്നും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വിൻഡീസ് താരം ഡാരെൻ സമിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചോപ്ര തന്റെ അനുഭവം യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ തുറന്നുപറഞ്ഞത്.

'പാകി' എന്ന പേരുവിളിച്ചായിരുന്നു അധിക്ഷേപമെന്ന് ചോപ്ര പറയുന്നു. ഇംഗ്ലീഷുകാരിൽ ചിലർ ദക്ഷിണേഷ്യൻ രാജ്യക്കാരെ കളിയാക്കി വിളിക്കുന്ന വാക്കാണത്. അല്ലാതെ പാകിസ്ഥാൻ എന്നതിന്റെ ചുരുക്കവാക്കല്ല. ഇരുണ്ട നിറമുള്ളവരെ വിളിക്കുന്ന വാക്കാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ദക്ഷിണഫ്രിക്കൻ താരങ്ങൾ നിരന്തരം ഈ പേര് വിളിച്ച് കളിയാക്കിയിരുന്നതായും ചോപ്ര പറഞ്ഞു. അന്ന് തന്റെ ടീമും സഹതാരങ്ങളും ഉറച്ച പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വംശീയാധിക്ഷേപം എല്ലായിടത്തും ഉണ്ടാകാറുണ്ടെന്നു പറഞ്ഞ ചോപ്ര വെളുത്ത നിറമുള്ളവരും ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയാകുമെന്നും കൂട്ടിച്ചേർത്തു. മുൻ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് ഇന്ത്യയിൽ കളിക്കാനെത്തുമ്പോൾ സ്‌റ്റേഡിയത്തിൽ ഉയരാറുള്ള 'കുരങ്ങ്' വിളികൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്രിലും ഇത്തരം ആക്ഷേപങ്ങൾ സർവ സാധാരണമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഒരു ആഭ്യന്തര മത്സരത്തിനിടെ ഇന്ത്യൻ ടീമംഗങ്ങൾ കൂടിയായ ഒരു ബാറ്ര്‌സ്മാനും ബൗളറും ഉൾപ്പെട്ട സംഭവമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

ആ സമയത്ത് വെളിച്ചക്കുറവുണ്ടായിരുന്നു. ബൗളിംഗ് എൻഡിലേക്ക് ഓടിയെത്തിയ ബൗളർ ബൗൾ ചെയ്യാതെ ബാറ്റ്സ്മാൻ നല്ല കറുപ്പായതിനാൽ അയാളെ കാണാൻ കഴിയുന്നില്ലെന്നും അതിനാൽ എങ്ങോട്ട് പന്തെറിയണമെന്ന് അറിയില്ലെന്നും പറയുകയായിരുന്നു. എല്ലാരും അത് കേട്ട് ചിരിച്ചു. ആർക്കും പരാതിയുമില്ലായിരുന്നു. എന്നാൽ വേറെയെവിടെയെങ്കിലും ആയിരുന്നെങ്കിൽ വിലിയ വിഷയമാകാൻ സാധ്യതയുണ്ടായിരുന്നുവെന്നും ചോപ്ര പറഞ്ഞു.