ആലൂ പറാത്ത ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ്. സംഭവം പഞ്ചാബി ആണെങ്കിലും നമ്മൾ കേരളീയർക്ക് ഇത് പ്രിയപ്പെട്ട ഒന്ന് തന്നെയാണ്. പല ഹോട്ടലുകളിലും നമുക്ക് ഇത് ലഭിക്കാറുണ്ട്. ചപ്പാത്തി പോലെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന വിഭവമാണിത്.
ആവശ്യമുള്ള സാധനങ്ങൾ :
മാവ് കുഴയ്ക്കാൻ :-
ഗോതമ്പ് പൊടി - 2 1/2 കപ്പ്
ഇളം ചൂട് വെള്ളം - 1 1/4 കപ്പ് (ഏകദേശം)
ഉപ്പ് - ആവശ്യത്തിന്
ഫില്ലിംഗ് തയ്യാറാക്കാൻ :-
ഉരുളക്കിഴങ്ങ് - 2 എണ്ണം (വലുത്)
സവാള -1 എണ്ണം (പൊടിയായി അരിഞ്ഞത്)
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചതച്ചത്
പച്ചമുളക് - 3 എണ്ണം (പൊടിയായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളക് പൊടി - 1ടീസ്പൂൺ
ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉണക്കിയ മാങ്ങാ പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെജിറ്റബിൾ ഓയിൽ - 3 ടേബിൾ സ്പൂൺ
മല്ലിയില - ഒരു ചെറിയ പിടി അരിഞ്ഞത്
ബട്ടർ - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം :
1. 2 ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി തരിയില്ലാതെ ഉടച്ചെടുക്കുക .
2. ചപ്പാത്തിക്കെന്ന പോലെ ഗോതമ്പ് മാവ് കുഴച്ച് തയ്യാറാക്കി 15 മിനിറ്റ് നേരം മാറ്റി വെയ്ക്കുക.
3. ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിന് ശേഷം മഞ്ഞൾപൊടി മുളക് പൊടി, ജീരകപ്പൊടി, ഗരം മസാല, ഉണക്കിയ മാങ്ങാ പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. മസാല പാകമായാൽ പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മസാലയിലെ വെള്ളം മുഴുവനായി വറ്റി പോകും വരെ വഴറ്റിയെടുക്കുക ( ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങൾ മസാലയും ശേഷിക്കാതെ മുഴുവനായും ഉടച്ച് ചേർക്കാൻ ശ്രദ്ധിക്കണം)
4. ഇനി മസാല തണുക്കാനായി മാറ്റി വെയ്ക്കുക. കുഴച്ച് വെച്ച മാവ് ഒരേ വലുപ്പട്ടിലുള്ള 7- 8 ബോൾസ് ആക്കി ഡിവൈഡ് ചെയ്തു വയ്ക്കുക. (ചപ്പാത്തിക്ക് കുഴയ്ക്കുന്ന മാവിനേക്കാൾ അല്പം കൂടി കട്ടിയിൽവേണം അല്ലെങ്കിൽ ഫില്ലിംഗ് പരത്തിയെടുക്കുമ്പോൾ പുറത്തു വരും)
5. ഓരോ ബോളും കയ്യിലെടുത്ത് കൈ കൊണ്ട് ഒന്ന് ചെറുതായി പരത്തി മദ്ധ്യഭാഗത്ത് ഏകദേശം ഒരു വലിയ സ്പൂൺ ഫില്ലിംഗ് വച്ച് കൊടുക്കുക . ശേഷം മാവ് ചുറ്റിലും നിന്ന് ഫില്ലിങ്ങിനെ പൂർണമായും ഉള്ളിലാക്കി പുറത്ത് കാണാത്ത രീതിയിൽ ഉരുട്ടിയെടുക്കുക. ഇനിയിത് ഗോതമ്പ് പൊടി തടവി ശ്രദ്ധയോടെ പരത്തിയെടുക്കുക (ഫില്ലിംഗ് പുറത്ത് വരാത്ത രീതിയിൽ). ഇങ്ങനെ ബാക്കിയുള്ളതും തയ്യാറാക്കി വെയ്ക്കുക.
6. ഒരു തവയിൽ തയ്യാറാക്കിയ പറാത്ത ഇരു പുറവും ബട്ടറോ നെയ്യോ തടവി ഗോൾഡൻ കളർ ആകുന്ന വരെ ഫ്രൈ ചെയ്തെടുക്കുക.