crime

ജലന്ധർ:- തന്നെക്കാളേറെ അമ്മൂമ്മയെ മകൻ ഇഷ്ടപ്പെടുന്നോ എന്ന് സംശയിച്ച് അമ്മ ആറ് വയസ്സുള്ള മകനെ കറികത്തി കൊണ്ട് കുത്തിക്കൊന്നു. പഞ്ചാബിലെ ജലന്ധറിൽ ഷാക്കോട്ട് ടൗണിലാണ് സംഭവം. കുൽവീന്ദർ കൗർ (30) ആണ് തന്റെ ഏക മകനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീടിന് മുകളിൽ നിന്ന് താഴേക്ക് ചാടി മരിക്കാൻ ഇവർ ശ്രമിച്ചു.

തുടർന്ന് പരുക്കേറ്റ കുൽവീന്ദറിനെ നാക്കോദറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.

കുൽവീന്ദറിന്റെ ഭർത്താവ് ഇറ്റലിയിലാണ് ജോലി നോക്കുന്നത്. ഇയാളുടെ വീട്ടിൽ കഴിഞ്ഞിരുന്ന കുൽവീന്ദർ ഇടയ്ക്കിടെ അമ്മായിയമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു.

ഷാക്കോട്ട് പൊലീസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നൽകുന്ന വിവരം ഇങ്ങനെ 'തിങ്കളാഴ്ച അത്താഴത്തിന് ശേഷം അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടെ കളിക്കാൻ ആറ് വയസ്സുകാരൻ ആർപിത് പോയി. ഇതിൽ ദേഷ്യം തോന്നിയ കുൽവീന്ദർ ബലമായി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി കുത്തുകയായിരുന്നു.' കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു. സംഭവശേഷം ആത്മഹത്യക്കായി വീടിനുമുകളിൽ നിന്ന് ചാടിയ കുൽവീന്ദറിന് പരുക്കേറ്റു. ഇവർക്കെതിരെ കൊലപാതക കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.