ചെന്നൈ: കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള നഴ്‌സുമാർക്ക് ആദരവുമായി, ദീന പ്രൊഡക്‌ഷൻസ് നിർമ്മിച്ച 'ഭൂമിയിലെ കാവൽ മാലാഖമാർ' എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധനേടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെ അണിനിരത്തി വിൽസൺ തോമസ് ആണ് ചിത്രം സംവിധാനം ചെയ്‌തത്.
അഭിനേതാക്കൾ അവരവരുടെ സ്ഥലങ്ങളിൽ മൊബൈൽ ഫോണിലാണ് ദൃശ്യങ്ങൾ പകർത്തിയത്. മഹാമാരികൾക്കെതിരെ നഴ്‌സുമാർ പോരാടുന്നത് തോക്കുകൊണ്ടോ മാരകായുധങ്ങൾ കൊണ്ടോ അല്ലെന്നും മനുഷ്യത്വവും മനഃസാന്നിദ്ധ്യവും കൊണ്ട് മാത്രമാണെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. നഴ്‌സുമാർക്കായി സമൂഹം ഒറ്റക്കെട്ടായി പ്രാർത്ഥിക്കണമെന്ന സന്ദേശവും ചിത്രം നൽകുന്നു.
പിന്നണിഗായിക കെ.എസ്. ചിത്രയാണ് ശബ്ദവിവരണം. വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, വേൾഡ് മലയാളി കൗൺസിൽ (ചെന്നൈ) ഗ്ളോബൽ ചെയർമാൻ ഡോ.എ.വി. അനൂപ്, വേൾഡ് മലയാളി കൗൺസിൽ (മസ്‌കറ്റ്) ഗ്ളോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ളോബൽ വൈസ് ചെയർപേഴ്‌സൺ (ന്യൂ ജേഴ്‌സി, അമേരിക്ക)തങ്കം അരവിന്ദ്, കെയറിൻ, മറിയാമ്മ കുരുവിള, പ്രിയ അനൂപ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സംഗീതം : അജേഷ് തോമസ്, സഹസംവിധാനം: എം.ജി. രതീഷ്, അസോസിയേറ്ര് ഡയറക്‌ടർ: ഹെലെന അന്ന വിൽസൺ, നിർമ്മാണം: ആനി ഡൊമിനിക്. കഥാരചനയും എഡിറ്റിംഗും വിൽസൺ തോമസ്.