imru

ന്യൂഡൽഹി:- പാകിസ്ഥാനിലും കാശ്മീരിലെ പാകിസ്ഥാൻ അധിനിവേശ സ്ഥലങ്ങളിലും പഠനത്തിനായി 1600 കാശ്മീരി കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനൊരുങ്ങി ഇമ്രാൻഖാൻ സർക്കാർ പദ്ധതിയൊരുക്കി. പാകിസ്ഥാൻ ദേശീയ അസംബ്ളിയിൽ ഈ വർഷം ആദ്യമാണ് ഈ തീരുമാനമെടുത്തത്. പാകിസ്ഥാന്റെ ഈ പ്രകോപന പരമായ തീരുമാനത്തിനെതിരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മുന്നറിപ്പ് നൽകുന്നുണ്ട്.

കാശ്മീരി യുവാക്കളെ തങ്ങളുടെ ഭാഗത്ത് എത്തിക്കാനുള്ള പാകിസ്ഥാന്റെ ഗൂഢ ശ്രമത്തിന്റെ ഭാഗമാണിത്. മുൻപും പാകിസ്ഥാൻ, കാശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് ധന സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വളരെ ചെറിയ അളവിലായിരുന്നു. സാധാരണ പഠനത്തിനായി പാകിസ്ഥാനിലേക്ക് പോകുന്ന ഇത്തരം യുവാക്കൾ കൊടും കുറ്റവാളികളായാണ് തിരികെയെത്താറെന്ന് ജമ്മുകാശ്മീർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്ഥാൻ അധിനിവേശ പ്രദേശങ്ങളിൽ നൂറ്റി അൻപതോളം കുട്ടികൾ മെഡിക്കൽ, എഞ്ചിനീയറിങ് പഠനത്തിന് എൻറോൾ ചെയ്തിട്ടുണ്ട്. ഹുറിയത്ത്, ഹിസ്ബുൾ മുജാഹിദ്ദീന്റെ ജിഹാദ് കൗൺസിൽ പോലെയുള്ള വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളിലെ നേതാക്കന്മാരുടെ ശുപാർശയിലാണ് ഇവർക്ക് പഠനത്തിനുള്ള സീറ്ര് ലഭിക്കുക. പാകിസ്ഥാനിലേക്ക് പഠന വിസ ലഭിക്കുന്നവരിൽ മുൻ തീവ്രവാദി നേതാക്കളുടെ കുടുംബാംഗങ്ങളോ നിലവിലെ അംഗങ്ങളുടെ മക്കളോ ഒക്കെ ആകാറുണ്ടെന്ന് ദേശീയാന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ പല ബിരുദങ്ങൾക്കും ഇന്ത്യയിൽ അംഗീകാരമില്ലാത്തവയുമാണ്.