മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികളിലെ വിശപ്പില്ലായ്മ. കുട്ടികളെ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അവർ പറയുന്ന സ്ഥിര ഡയലോഗാണ് ഇപ്പോൾ വിശപ്പില്ലാ, വിശപ്പില്ലായെന്ന്. കുട്ടികളിൽ വിശപ്പ് ഉണ്ടാക്കുകയും അവരിൽ ഭക്ഷണത്തോട് താൽപര്യം ഉണ്ടാക്കിയെടുക്കുക തുടങ്ങിയ ചില കാര്യങ്ങളിൽ കുറച്ച് ശ്രദ്ധിച്ചാൽ മാത്രം മതി. അതിനായി എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നോക്കാം.
പാൽ കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒന്ന് തന്നെയാണ്. പല മാതാപിതാക്കളും ഭക്ഷണത്തിന് മുൻമ്പ് കുട്ടികൾക്ക് പാൽ കൊടുക്കാറുണ്ട്. എന്നാൽ പാൽ കുടിച്ചാൽ കുട്ടികൾക്ക് വിശപ്പ് തോന്നില്ല. അതിനാൽ തന്നെ ഭക്ഷണം കഴിയ്ക്കാനുള്ള താൽപര്യം കുറയുകയും ചെയ്യും. അത് കൊണ്ട് പാൽ ഭക്ഷണത്തിന് മുൻമ്പ് കൊടുക്കാതിരിയ്ക്കുക. കൂടാതെ, അളവിൽ കൂടുതലും കൊടുക്കാതിരിക്കാൻ ശ്രമിക്കുക.
കുട്ടികളെ യാതൊരു കാരണവശാലും പ്രാതൽ കഴിയ്ക്കാതിരിയ്ക്കാൻ അനുവദിയ്ക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല കുട്ടികളിലും വിശപ്പുണ്ടാകാതിരിയ്ക്കാനുള്ള പ്രധാന കാരണമാണ്. മാത്രമല്ല, ഇത് ശരീരത്തിന്റെ വളർച്ചയെ ബാധിയ്ക്കുകയും ചെയ്യുന്നു.
ജങ്ക് ഫുഡിനോടു കുട്ടികൾക്ക് പൊതുവേ താൽപര്യം കൂടുതലാണ്. കഴിവതും കുട്ടികൾക്ക് ഇവ നൽകാതിരിയ്ക്കുക. ഇതിലെ കൃത്രിമ മധുരവും മറ്റു ചേരുവകളുമെല്ലാം വിശപ്പ് കുറയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ബിസ്കറ്റ്, ചോക്ലേറ്റ് പോലെ കുട്ടികൾക്ക് പ്രിയങ്കരമായ ഭക്ഷണങ്ങൾ വിശപ്പ് ഇല്ലാതാക്കുന്നവയാണ്.
കുട്ടികൾക്കുള്ള ഭക്ഷണങ്ങളിൽ ചില പ്രത്യേക ചേരുവകൾ ഉൾപ്പെടുത്തുന്നത് വിശപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇഞ്ചി, കപ്പലണ്ടി, കായം, കറുവാപ്പട്ട, മല്ലി, ഒറിഗാനോ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കുട്ടികൾക്ക് ഭക്ഷണം ഒരുമിച്ച് കുത്തി നിറച്ച് കൊടുക്കാതെ പലപ്പോഴായി കുറേശെ വീതം കൊടുക്കുക.
നാരങ്ങാവെള്ളം കുട്ടികൾക്ക് വിശപ്പില്ലെന്ന് പറയുന്ന സമയം കൊടുക്കുക. ഇത് നല്ല ദഹനത്തിന് സഹായിക്കും.
കുട്ടികൾക്ക് വിശപ്പ് തോന്നണമെങ്കിലും, വളരണമെങ്കിലും നല്ല വ്യായാമം അത്യാവശ്യമാണ്. കുട്ടികൾക്ക് പറ്റിയ നല്ല വ്യായാമം കളികളാണ്. കളിയ്ക്കാതെ ചടഞ്ഞ് കൂടി ടിവിയ്ക്ക് മുന്നിൽ ഇരിയ്ക്കാൻ കുട്ടികളെ അനുവദിയ്ക്കരുത്. നല്ല പോലെ ശരീരം വിയർക്കുമ്പോൾ വിശപ്പും വർദ്ധിയ്ക്കും.
തോന്നുമ്പോൾ കഴിയ്ക്കുന്നതിന് പകരം കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നത് ശീലമാക്കുക. കുട്ടികൾക്ക് ഓരോ തവണത്തെ ഭക്ഷണത്തിനും കൃത്യമായ സമയം വെയ്ക്കുക.