റിയാദ്: കൊവിഡ് പ്രതിരോധത്തിന് ജനങ്ങൾക്ക് വേണ്ടി 14 കോടി മാസ്‌കുകൾ സൗദി അറേബ്യ ഇറക്കുമതി ചെയ്തു. സൗദി ലോജിസ്റ്റിക് സർവീസ് കമ്പനികളുടെ സഹകരണത്തോടെ സൗദി എയർലൈൻസ് കാർഗോ വിമാനത്തിലാണ് ഇവ എത്തിച്ചത്. രാജ്യത്തേക്ക് വിവിധ കവാടങ്ങൾ വഴി മെഡിക്കൽ വസ്തുക്കൾ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പടിഞ്ഞാറൻ മേഖല ഫുഡ് ആൻഡ് ഡ്രഗ് അതോറിട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ മൂസ ബിൻ സുലൈമാൻ അൽഫീഫി അറിയിച്ചു. ഇത്രയും മാസ്‌കുകൾക്ക് 90 ടൺ ഭാരമുണ്ട്. ഉപഭോക്താക്കൾക്ക് മാസ്കുകൾ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭരണകൂടം കാണിക്കുന്ന പ്രധാന്യമാണ് വെളിവാകുന്നത്.
കൊവിഡ് കാലത്ത് മാസ്‌കിനുള്ള വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഇവ എത്തിക്കും. ഇതിന് പുറമെ രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്ന മാസ്‌കുകളും വിപണിയിൽ കൂടുതലായി ലഭ്യമാക്കും.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ പ്രതിദിനം കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒമാനിലും സൗദി അറേബ്യയിലും ആയിരക്കണക്കിന് പേർക്കാണ് ദിവസവും രോഗം സ്ഥിരീകിക്കുന്നത്.
അൽഉല ഒക്ടോബറിൽ തുറക്കും
സൗദി അറേബ്യയിലെ അൽഉലാ പുരാവസ്തു മേഖല സന്ദർശകർക്കായി ഒക്ടോബറിൽ തുറന്നു കൊടുക്കും. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറു ഭാഗത്തെ ഓപ്പൺ മ്യൂസിയം എന്നുപേരുള്ള ഈ ചരിത്രഭൂമി 2017 മുതലാണ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടത്. നവീകരണം ഏറെക്കുറെ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. സൗദിയിൽ യുനെസ്കോ പൈതൃക പട്ടികയിലിടം തേടിയ ആദ്യ പൗരാണിക പ്രദേശം കൂടിയാണിത്.
ഗൾഫ് കൊവിഡ് മീറ്റർ
സൗദി അറേബ്യ:1,12,288 - 819
ഒമാൻ: 19,954 - 89
കുവൈറ്റ്: 33,823 - 275
ബഹ്റൈൻ: 16,667 - 32
യുഎഇ:40,507 - 284
ഖത്തർ: 73,595 - 66