mike-kimmal

ഫ്ളോറിഡ: മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മനുഷ്യരെ തിന്നുന്ന 17 അടി നീളമുള്ള പൈത്തോൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി മൈക്ക് കിമ്മൽ. ഫ്ളോറിഡയിലെ പ്രശസ്തനായ പരിസ്ഥിതി സംരക്ഷകനും പ്രധാന പാമ്പ് പിടുത്തക്കാരനുമാണ് മൈക്ക്. എന്നിട്ടും "പെരുമ്പാമ്പ് ഭീകരി"യെ പിടികൂടാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു.

'മനുഷ്യരെ തിന്നുന്ന പെരുമ്പാമ്പിനെ പിടികൂടാൻ രാവിലെ 11 ഓടെയാണ് ഞാൻ ചതുപ്പിൽ ഇറങ്ങിയത്.

പക്ഷേ, അവളൊരു യുദ്ധത്തിനൊരുങ്ങിയിരിക്കയായിരുന്നു. പൊടുന്നനെ അവൾ ആക്രമണം ആരംഭിച്ചു. എന്നെ വാലുകൊണ്ട് അടിച്ച് താഴെയിട്ടു. വരിഞ്ഞു മുറുക്കാൻ ശ്രമിച്ചു. അവളുടെ പിടിയിൽ നിന്ന് വഴുതിമാറാൻ നന്നേ പാടുപെട്ടു. എങ്കിലും എന്നെ കടിച്ചു മുറിവേൽപ്പിക്കുന്നതിൽ അവൾ വിജയിച്ചു.'-

നീണ്ട പോരാട്ടത്തിനൊടുവിൽ പാമ്പിനെ കീഴടക്കിയ ശേഷം മൈക്ക് കിമ്മൽ പറഞ്ഞു. പാമ്പിന്റെ കടിയേറ്റ് മൈക്കിന്റെ തുടയിലും കയ്യിലും മുറിവേറ്റിട്ടുണ്ട്. ചില ഞരമ്പുകൾക്ക് ചതവുണ്ടായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പാമ്പിനൊപ്പമുള്ള ചിത്രത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന മൈക്കിന്റെ കൈകൾ കാണാം.

'എന്തൊരു ഭീകരൻ പെരുമ്പാമ്പ്' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്,
സൗത്ത് ഫ്ലോറിഡ ബർമെസു പൈതോൺ വിഭാഗത്തിൽപ്പെട്ട പാമ്പുകളുടെ കേന്ദ്രമാണ്.

ഈ പെരുമ്പാമ്പുകളെ പിടികൂടുന്നതിന് സ്റ്റേറ്റ് കരാർ നൽകിയിരിക്കുന്നവരിലൊരാളാണ് മൈക്ക്.

പാമ്പിന്റെ നീളത്തിന് അനുസരിച്ചാണ് കിമ്മിന് ലഭിക്കുന്ന തുക. ജനുവരിയിൽ നടന്ന പത്തു ദിവസം നീണ്ടു നിന്ന ഫ്ലോറിഡാ 2020 പൈതോൺ ബൗൾ മൽസരത്തിൽ എട്ട് പെരുമ്പാമ്പുകളെ പിടികൂടി മൈക്ക് കിമ്മൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഓഫ് റൈഡിന് ഉപയോഗിക്കുന്ന ഓൾ ടെറൈൻ ട്രാക്ടർ ആയിരുന്നു സമ്മാനം. ദ സൗത്ത് ഫ്ളോറിഡ വാട്ടർ മാനേജ്മെന്റ് ഡിസ്ട്രിക്ടിന്റെ പെരുമ്പാമ്പ് നിർമ്മാർജ്ജന പദ്ധതി പ്രകാരം ഇതുവരെ 2970 പെരുമ്പാമ്പുകളെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.