ന്യൂയോർക്ക് : ജോർജ് ഫ്ളോയിഡ് കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്ന അമേരിക്കയിൽ കൊവിഡ് താണ്ഡവം തുടരുന്നു. ലോകത്താകെ കൊവിഡ് രോഗികൾ 75 ലക്ഷം കടന്നപ്പോൾ അമേരിക്കയിൽ ആകെ രോഗികൾ 20 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകൾ. 982 മരണം. ആകെ മരണം 1.15 ലക്ഷം കടന്നു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്ഥിതി കൂടുതൽ വഷളാവുകയാണ്. ലാറ്റിനമേരിക്കയിൽ മരണം 70,000 കടന്നു. ബ്രസീലിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. പ്രതിദിന മരണം 1000ത്തിലധികമാണ്. ഇന്നലെ മാത്രം 32,913 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് അതിശക്തമാകുന്നതിനിടെ ബ്രസീലിൽ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ നീക്കുകയാണ്. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള നഗരമായ സാവോ പോളോയിൽ വ്യാപാര സ്ഥാപനങ്ങളും മാളുകളും ഉടൻ തുറക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 340 പേരാണ് സാവോ പോളോയിൽ മരിച്ചത്. ആകെ മരണം 9862 ആയി. രാജ്യത്തെ ആകെ മരണത്തിൽ നാലിലൊന്നും സാവോ പോളോയിലാണ്. വൈറസ് വ്യാപനം രൂക്ഷമായ ബ്രസീലിയ, റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളും നിയന്ത്രണങ്ങൾ നീക്കാൻ ഒരുങ്ങുകയാണ്. രോഗവ്യാപനത്തിന് ശമനം നേരിയ ശമനം കൈവന്ന അമേരിക്കയിലും ഇപ്പോൾ സ്ഥിതി പഴയനിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
റഷ്യയിൽ ഇന്നലെ വീണ്ടും പ്രതിദിന മരണം 100നകത്ത് ഒതുങ്ങി. എന്നാൽ, 8,779 പേർക്കാണ് രോഗം ഇന്നലെ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ആകെ മരണം 6,532.
ലോകത്താകെ മരണം - 4.19 ലക്ഷം
ഭേദമായവർ - 37 ലക്ഷം
ദക്ഷിണ കൊറിയയിൽ 45 പുതിയ കേസുകൾ
ചൈനയിൽ 11 പുതിയ കേസുകൾ.
മെക്സിക്കോയിൽ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കും