എൻട്രി ലെവൽ സ്പോർട് ബൈക്ക് സെഗ്മെന്റിലെ തന്നെ ജനപ്രിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 180. ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ അപ്പാച്ചെ ആർടിആർ 180 ബിഎസ് 6ന്റെ വില 2,500 രൂപ ഉയർത്തി. നേരത്തെ 1,01,450 രൂപയ്ക്ക് റീട്ടെയിൽ ചെയ്ത മോട്ടോർസൈക്കിളിന് ഇപ്പോൾ 1,03,950 രൂപയാണ് എക്സ്ഷോറൂം വില. 177.4 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ ആർടിആർ 180 ബിഎസ് 6 ന്റെ കരുത്ത്. രാജ്യത്ത് അപ്പാച്ചെ ആർടിആർ 160 4 വി, അപ്പാച്ചെ ആർടിആർ 160, അപ്പാച്ചെ ആർടിആർ 200 4 വി എന്നിവയുടെ വിലയും ടിവിഎസ് വർദ്ധിപ്പിച്ചു.
അപ്പാച്ചെ ആർടിആർ 180യിലെ എഞ്ചിൻ 8,500 ആർപിഎമ്മിൽ പരമാവധി 16.62 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 15.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റേസിംഗ് ഗ്രാഫിക്സ്, സിംഗിൾ പീസ് സീറ്റ്, എഞ്ചിൻ കൗൾ, സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിൽ, അലോയ് വീലുകൾ എന്നിവയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകൾ.
ടിവിഎസ് അപ്പാച്ചെ ആർടിആർ 180യുടെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഒരു മോണോഷോക്കും ഉൾപ്പെടുന്നു. മുൻവശത്ത് 270 എംഎം പെറ്റൽ ഡിസ്ക്കും പിന്നിൽ 200 എംഎം പെറ്റൽ ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ ചാനൽ സൂപ്പർ-മോട്ടോ എബിഎസ് സ്റ്റാൻഡേർഡായി ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.