മുംബയ്:- ഇന്ത്യൻ നഗരത്തിലെ വ്യത്യസ്തമായ കാഴ്ചയാണ് ഡബ്ബാവാലകൾ. വീടുകളിൽ നിന്നും ഉച്ചയൂണ് വാങ്ങി പ്രത്യേക വിതരണ സംവിധാനത്തിലൂടെ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം വീട്ടിലെ ഊണ് ഓഫീസിൽ എത്തിച്ച് നൽകുന്ന മുംബയ് നഗരത്തിന്റെ പ്രധാന അസംഘടിത മേഖല തൊഴിലാളി വർഗ്ഗമാണ് ഡബ്ബാവാലകൾ. 1998ൽ ഫോബ്സ് ഗ്ലോബൽ മാഗസിൻ ഇവർക്ക് സിക്സ് സിഗ്മ റേറ്റിങ് നൽകിയിരുന്നു. രാജ്യത്ത് കൊവിഡ് രോഗം പിടിമുറുക്കി തുടങ്ങിയപ്പോൾ മാർച്ച് 19ന് തൊഴിൽ നിന്നു പോയതാണ് ഇവരുടേത്. തുടർന്ന് തൊഴിലില്ലാതെ വിഷമിച്ച ഇവരിൽ പലരും സ്വന്തം ഗ്രാമത്തിലേക്ക് തിരികെപോയി. ഏറ്രവുമധികം തൊഴിലാളികളുള്ളത് പൂനെയിലെ മാവൽ മേഖലയിൽ നിന്നാണ്. ഭൂമി സ്വന്തമായുള്ളവർ ചെറിയ തോതിൽ കൃഷി തുടങ്ങി. അപ്പോഴാണ് നിസർഗ്ഗ ചുഴലിക്കാറ്രിന്റെ വരവ്. വീടുകളും കന്നുകാലികൾക്കുള്ള തൊഴുത്തുകളും കൃഷിസ്ഥലങ്ങളുമെല്ലാം തകർത്ത് നിസർഗ്ഗ ഉറഞ്ഞാടി. ഇതോടെ ആകെ തകർന്ന ഡബ്ബാവാലകൾ ഇനിയെന്ത് എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുകയാണ്.
മുംബയിലെ ഓഫീസുകളും വ്യവസായങ്ങളും പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഡബ്ബാവാലകൾക്ക് പ്രവർത്തനം തുടങ്ങാനായിട്ടില്ല. പലതാണ് കാരണം. ആഹാരം കൊണ്ടുപോകുന്ന ലോക്കൽ ട്രെയിനുകൾ ആരംഭിക്കുന്നതിലെ അനിശ്ചിതത്വമാണ് അതിലൊന്ന്. മറ്റൊന്ന് ആഹാരം എടുക്കുന്നതിനും മറ്റുമായി ഫ്ളാറ്രുകളിലൊക്കെയാണ് പോകേണ്ടത്. കൊവിഡ് സുരക്ഷാ കവചം അണിഞ്ഞ് പോകാൻ തയ്യാറാണെങ്കിലും അവിടങ്ങളിലെ ഭരണാധികാരികൾ ഉള്ളിലേക്ക് കടക്കാൻ ഭയംമൂലം അനുവദിക്കുന്നില്ല. ജൂലായിലോ ഓഗസ്റ്രിൽ എങ്കിലും ലോക്കൽ ട്രെയിൻ സർവ്വീസ് ആരംഭിക്കുമോ എന്ന് സംശയപ്പെടുകയാണ് മുംബയ് ഡബ്ബാവാല അസോസിയേഷന്റെ വക്താവ് സുഭാഷ് തലേക്കർ. ഇടപാടുകാരന്റെ പ്രതികരണം ഓർത്തും ഇവർക്ക് ഭയമുണ്ട്. പെട്ടെന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത് കാരണം പലർക്കും മാർച്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. കൈയിലെ പണം തീരുകയും ചെയ്തു. ചുഴലികാറ്റ് ബാധിച്ച സ്ഥലത്തുള്ള പലയിടത്തും ഇപ്പോഴും വൈദ്യുതി തിരികെ വന്നിട്ടില്ല. അതിനാൽ നാട്ടിലേക്ക് പോയവരെ കൃത്യമായി വിളിക്കാൻ കഴിയുന്നില്ല. തലേക്കർ പറയുന്നു. ഉദ്ധവ് താക്കറെ സർക്കാർ എന്തെങ്കിലും സഹായം ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഇവർ. തൊഴിൽ തിരികെ ആരംഭിച്ചാലും പഴയ നിലയിൽ ആകുന്നത് എന്ന് എന്നുള്ള ആശങ്കയും ഇവർക്കുണ്ട്.