അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്ഫ്ലോയ്ഡിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവം ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വലിയ സമരങ്ങളും അവിടെയുണ്ടായി. ലോകത്ത് ഇന്നും വർണ്ണ വിവേചനം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ജോർജ്ഫ്ലോയ്ഡിന്റെ കൊലപാതകം. ഇതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ സോഹൻ റോയ് എഴുതിയ കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഗാർണറുടെ പ്രേതം ഗതികിട്ടാതലയുമ്പോൾ എന്ന തലകെട്ടിൽ നൽകിയ കവിത നിരവധി ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞു. ഗാർണർ മുതൽ ജോർജ് ഫ്ലോയ്ഡ് വരെയെന്ന ആശയമാണ് കവിത പങ്കുവയ്ക്കുന്നത്. എനിക്കു ശ്വാസം മുട്ടുന്നു എന്ന് തുടങ്ങുന്ന വരികൾ വായനക്കാരന്റെ കണ്ണ് നിറയ്ക്കും.
ഡാം 999 എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സോഹൻ റോയി വർണ്ണ വിവേചനത്തെക്കുറിച്ചും ലോകത്തെവിടെയും മനുഷ്യത്വം അടിച്ചമർത്തപ്പെടുന്നതിനെക്കുറിച്ചും ഫേസ്ബുക്കിൽ കുറിച്ച വരികൾ അതിലൂടെ കടന്നു പോകുന്ന മനസ്സുകളെ ശ്വാസം മുട്ടിക്കുകയാണ്.എന്റെ വിശപ്പിന് തീ കൂടുമ്പോൾ എനിക്കു ശ്വാസം മുട്ടുന്നു. എന്റെ കിടപ്പറ തെരുവാകുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു.ചടുലമായ താളത്തിൽ ഹൃദയഭേദകങ്ങളായ ബിംബങ്ങളാണ് ഈ വരികളിൽ തെളിയുന്നത്. മാനുഷികവും സാമൂഹികവുമായ വർത്തമാന പ്രതിസന്ധികളെക്കുറിച്ച് തന്റെ ഫേസ്ബുക്കിൽ ദിവസേന ഒരു ചെറു കവിത കുറിക്കുന്ന പതിവുണ്ട് ഈ എൻ.ആർ.ഐ വ്യവസായ പ്രമുഖന്. മുല്ലപ്പെരിയാർ വിഷയത്തിൽ സിനിമ ഒരുക്കിയതോടെ ലോക സിനിമാ ഭൂപടത്തിൽ തന്റെ കൈയൊപ്പ് ചാർത്തിയ സോഹൻ റോയ് സാമൂഹിക വിഷയങ്ങളിൽ പുലർത്തുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്.
തനിക്ക് വർണ്ണച്ചിറകുകൾ വേണമെന്നും കള്ളവാർത്തകൾ പ്രചരിപ്പിച്ച് വേദനിപ്പിക്കുമ്പോൾ ശ്വാസം മുട്ടുന്നുവെന്നും റോയി ഈ കവിതയിൽ കുറിക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഒരു കവിതയ്‌ക്കൊപ്പം വന്ന ഗ്രാഫിക്സ് പിഴവ് തനിക്കെതിരെ സൈബർ ആക്രമണത്തിന് കാരണമായതിലുള്ള വിഷമവും ഇതേ കവിതയിൽ ധ്വനിക്കുന്നുണ്ട്. ഇതേ കവിതയുടെ ഇംഗ്ലീഷ് വരികൾ കൂടി പോസ്റ്റ് ചെയ്യാനും അദ്ദേഹം മറന്നിട്ടില്ല.