indra-story

ശങ്കരപ്പിള്ളയ്ക്ക് ഒരാഗ്രഹമേയുള്ളൂ; ആത്മഹത്യ ചെയ്യണം. അതിനായി പലവഴികളും തേടി. ഒരു ദിവസം രാത്രി കൈലിമുണ്ട് ഫാനിൽകെട്ടി കഴുത്ത് കുരുക്കി. ഫാൻ പൊട്ടി നിലത്തുവീണ് ഇടതുകാൽ ഒടിഞ്ഞു. അപ്പോഴും ആഗ്രഹിച്ചത് എങ്ങനെ സുരക്ഷിതമായി ജീവനൊടുക്കാമെന്നാണ്. കാല് സുഖമായപ്പോൾ കയറുമായി പ്ലാവിൽ കയറി. കൊമ്പൊടിഞ്ഞുവീണ് വീണ്ടും ആശുപത്രിയിലായി. അവിടെ,​ കാണാനെത്തിയ തെങ്ങുകയറ്റക്കാരൻ സദാനന്ദനോട് ശങ്കരപ്പിള്ള ചോദിച്ചു: 'നിനക്കു ഞാൻ എത്ര തേങ്ങ അധികം തന്നിട്ടുള്ളതാ, അതിന്റെ വല്ല നന്ദിയും നിനക്കുണ്ടോ? ആത്മഹത്യചെയ്യാൻ ഒരു വഴി പറഞ്ഞുതാ. ' ചോദ്യം കേട്ട് ജാള്യതയോടെ നിന്ന സദാനന്ദൻ പറഞ്ഞു: 'പിള്ളച്ചേട്ടാ, തെങ്ങിൽ ഞാനൊരു കൊതയിട്ടു തരാം, അതിൽ കയർകെട്ടി നോക്കൂ.' ശങ്കരപ്പിള്ളയ്ക്കു സമാധാനമായി.

വീട്ടിനു പിറകുവശത്തെ തെങ്ങിൽ രണ്ടാൾപ്പൊക്കത്തിൽ, ആഴത്തിൽ സദാനന്ദൻ ഒരു കൊതയിട്ടു. ആശുപത്രിവിട്ടെത്തിയ ശങ്കരപ്പിള്ള തെങ്ങിൽ വലിഞ്ഞുകയറി കയറുമുറുക്കുന്നതിനിടയിൽ എങ്ങുനിന്നൊ ഒരു പട്ടി കുരച്ചുകൊണ്ടെത്തി. ഉരുണ്ടു നിലത്തുവീണ ശങ്കരപ്പിള്ള എഴുന്നേറ്റോടി, ഓട്ടത്തിനിടയിൽ കാൽതെന്നി ആൾമറയില്ലാത്ത കിണറ്റിൽവീണു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരം ചേർന്ന് ശങ്കരപ്പിള്ളയെ വീണ്ടും ആശുപത്രിയിലാക്കി.

എന്താണ് ആത്മഹത്യയുടെ കാരണം എന്ന ചോദ്യത്തിന് ഉത്തരം തേടിയാൽ കോടതിയിൽ രേഖപ്പെടുത്താവുന്ന ഒരുത്തരവും പലപ്പോഴും കിട്ടിയെന്നുവരില്ല. സമീപ വർഷങ്ങളിലായി ലോകത്താകമാനം പ്രതിവർഷം ശരാശരി 10 ലക്ഷം പേരാണ് ആത്മഹത്യ ചെയ്യുന്നത്. മലയാളികളായ നമ്മളെ വ്യാകുലപ്പെടുത്തുന്നത് കൗമാരക്കാരായ വിദ്യാർത്ഥികളുടെ ആത്മഹത്യയാണ്. സംസ്ഥാന പൊലീസിന്റെ കണക്കുപ്രകാരം 2018ൽ 375 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. അതിൽ 198 ഉം പെൺകുട്ടികളാണ്. 2019ലെയും 20ലെയും കണക്കുകൾ പുറത്തു വന്നിട്ടില്ല. ആത്മഹത്യകൾ കൂടുകയാണെങ്കിലും അടിയന്തരമായി പരിഹാരം കാണേണ്ട ഒരു വിഷയമാണിതെന്ന് സർക്കാർ തലത്തിലോ സാമൂഹികതലത്തിലോ ഒരു ചിന്തയും ഉണ്ടാകുന്നില്ല. കൊവിഡിനേക്കാൾ മാരകമായ വൈറസാണ് ആത്മഹത്യയിലേക്കു നയിക്കുന്ന പരിതോവസ്ഥകളെന്നും തിരിച്ചറിയുന്നില്ല.

ബി.കോം വിദ്യാർത്ഥിയായിരുന്ന അഞ്ജു എന്തിനാണ് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്? പരീക്ഷാഹാളിൽ നേരിട്ട മാനസികപീഡനത്തിന്റെ പേരിൽ ജീവനൊടുക്കേണ്ടതുണ്ടോ? അതിന്റെ ഉത്തരവാദികളായി പലരെയും കണ്ടെത്താനാവും. അതുകൊണ്ട് തീരുന്നതാണോ ആത്മഹത്യയിലേക്കു വലിച്ചിടുന്ന സാഹചര്യങ്ങൾ? സ്വന്തം വീട്ടിലേക്കു നടന്നുകയറാൻ പോലും വഴിയില്ലാത്തവരും ടോയ്‌ലറ്റ് ഇല്ലാത്തവരും കടുത്ത രോഗങ്ങളും ദാരിദ്ര്യവും നേരിടുന്നവരും ധാരാളമുള്ള നാടാണ് കേരളവും. അക്കാരണത്താൽ അവരാരും ആത്മഹത്യ ചെയ്യുന്നില്ല. ടി.വിയുടെ റിമോട്ട് കൊടുക്കാത്തതിന്റെ പേരിൽ ചേച്ചിയോട് പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി കരുനാഗപ്പള്ളിയിൽ ഇപ്പോഴും അതിന്റെ അവശതയിൽനിന്നു മോചിതയായിട്ടില്ല. മൊബൈൽ ഫോണെടുത്ത് കൂട്ടുകാരെ വിളിച്ചതിന് പിതാവ് തല്ലിയതിൽ മനംനൊന്ത് ജീവനൊടുക്കിയ എട്ടാം ക്ലാസുകാരിയുമുണ്ട് ഇതേ നാട്ടിൽ.

2018ൽ വയനാട്ടിൽ രണ്ടു വിദ്യാർത്ഥികൾ ജീവനൊടുക്കിയതിന്റെ കാരണമന്വേഷിച്ച പൊലീസ് ചെന്നെത്തിയത് സോഷ്യൽ മീഡിയകളിലൂടെ രൂപപ്പെട്ടിരിക്കുന്ന ആത്മഹത്യാ ഗ്രൂപ്പുകളിലേക്കാണ്. ആയിടെ കണ്ണൂരിൽ ഒരു കൗമാരക്കാരൻ കൈഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. കൂടുതൽ ലൈക്ക് നേടുന്നതിനു വേണ്ടിയായിരുന്നു അത്. ഇപ്പോൾ നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാർത്ഥിവീതം ആത്മഹത്യ ചെയ്യുന്നു. കൊറോണ വൈറസിന്റെ കാരണവും പരിഹാരവും തേടാൻ പരിശ്രമിക്കുന്ന ഭരണകൂടവും ശാസ്ത്രലോകവും ഇതിന്റെ ഉത്തരവും കണ്ടെത്താൻ ശ്രമിക്കേണ്ടതല്ലേ? എല്ലാവരും തിരക്കിലാണ്. മക്കളെ നോക്കാൻ അച്ഛനമ്മമാർക്കോ അച്ഛനമ്മമാരെ നോക്കാൻ മക്കൾക്കോ നേരമില്ല. ആശങ്കകൾ പങ്കുവയ്ക്കാൻ ഇടമില്ല. എല്ലാവർക്കും അഭയം സോഷ്യൽ മീഡിയകളായിരിക്കുന്നു.

മീനച്ചലാറ്റിലേക്കുള്ള വഴിയിൽനിന്ന് അഞ്ജുവിനെ തിരികെ വിളിക്കാൻ വിശ്വാസത്തിന്റെയൊ കരുതലിന്റെയൊ ഒരു സൂര്യരശ്മി പോലും ഉണ്ടായില്ല. തന്റെ മരണം ആരെയെല്ലാം തീരാദുഃഖത്തിലും പ്രതിസന്ധിയിലുമാക്കുമെന്ന്,​ പഠിക്കാൻ മിടുക്കിയായിരുന്ന ആ കുട്ടിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?​ ഹാൾടിക്കറ്റിന്റെ മറുവശത്തോ,​ ഡെസ്കിലോ ചുവരിലോ കൈവിരലുകൾക്കിടയിലോ ഒരു ഇക്വേഷനെങ്കിലും കുറിച്ചു വയ്ക്കാതെ പരീക്ഷ ജയിച്ചു വന്നവരാണോ അഞ്ജുവിനെ മാനസികമായി തകർത്തത്?​ അദ്ധ്യാപകരും ആത്മീയഗുരുക്കന്മാരും ഇങ്ങനെ വകതിരിവില്ലാത്തവരാകുന്നത് എന്തുകൊണ്ടാണ്. സമൂഹത്തിൽ ഏറ്റവും നല്ല മനസുള്ളവരാണ് അദ്ധ്യാപന മേഖലയിലേക്കു കടന്നുവരേണ്ടത്. നിർഭാഗ്യവശാൽ പല ജോലിക്കും പ്രാപ്തരല്ലാത്തവരും സമീപവർഷങ്ങളായി അദ്ധ്യാപന മേഖലയിൽ കടന്നുവരുന്നു. പരീക്ഷാഹാളിൽ വിളയുന്ന ഉത്തരങ്ങളെ മാത്രം ആധാരമാക്കി ഒരു കുട്ടിയുടെ കഴിവും കഴിവുകേടും അളക്കുന്ന രീതി ഈ അത്യാന്താധുനിക കാലത്തും മാറിയിട്ടില്ല.​ പുതിയ കാലവും അനുഭവങ്ങളും നൽകുന്ന പാഠങ്ങളൊന്നും നമ്മൾ പഠിക്കുന്നതേയില്ല. ടിക്ക്ടോക്കായിത്തീരുകയാണ് നമ്മുടെ ജീവിതം. കോളേജിൽ പഠിപ്പിക്കുന്നവർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചു നോക്കൂ. അവരിലധികം പേരും ടിക്ക്ടോക്ക് വൈറസിന്റെ ലോകത്താവും. പിന്നെങ്ങനെ കുട്ടികൾ ശരിയായ ജീവിതപാഠം പഠിക്കും?​ കോളേജ് അദ്ധ്യാപികമാരും അവസരം കിട്ടിയാൽ മുഖം വക്രിച്ചു കാണിച്ച് ഒരു ടിക്ക്ടോക്ക് വൈറലാകാൻ മാർഗമുണ്ടോ എന്നാണ് ആലോചിക്കുന്നത്. നമ്മുടെ സർവകലാശാലകളെല്ലാം തീവച്ചു നശിപ്പിച്ചാലും മനുഷ്യർ നശിച്ചു പോകില്ല എന്നു മനസിലാക്കാനുള്ള വിവേകമെങ്കിലും നമുക്കിനി എന്നാണ് ഉണ്ടാവുക.

ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലുള്ള ദീർഘമായ ഒരു നിലവിളി മാത്രമാണോ ജീവിതം? ആറ്റുനോറ്റുണ്ടായ കുഞ്ഞ് മരിച്ചപ്പോൾ ഒന്നിനെയും പഴിക്കാതെ എല്ലാം ഗുരുവായൂരപ്പനിൽ സമർപ്പിച്ച് കാവ്യസപര്യയിൽ മുഴുകിയ പൂന്താനം നമുക്ക് പാഠമാണ്. ജീവിക്കുക എന്നതാണ് പ്രധാനം.