ബോസ്റ്റൺ: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് വർണ വിവേചനത്തിനും വംശീയതയ്ക്കുമെതിരെ അമേരിക്കയിൽ ആളിപ്പടർന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപകമായി പ്രതിമ തകർക്കൽ നടക്കുന്നു.
അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച യൂറോപ്യൻ സമുദ്ര സഞ്ചാരിയായ ക്രിസ്റ്റഫർ കൊളമ്പസിന്റെ പ്രതിമ അമേരിക്കയിലെ ബോസ്റ്റണിൽ പ്രക്ഷോഭകാരികൾ തകർത്തു. പ്രതിമയുടെ തല വെട്ടിമാറ്റി. മിയാമിയിലെ ഡൗൺ ടൗണിൽ സ്ഥാപിച്ചിരുന്ന കൊളമ്പസിന്റെ പ്രതിമയ്ക്കുനേരെയും ആക്രമണം ഉണ്ടായി. മിനസോട്ടയിലെ കൊളംബസ് പ്രതിമ കഴിഞ്ഞദിവസം പ്രതിഷേധക്കാർ തീവച്ച് സമീപത്തെ തടാകത്തിൽ വലിച്ചെറിഞ്ഞിരുന്നു. വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി വംശീയ വിവേചനങ്ങൾക്ക് കാരണക്കാരായവരുടെ പ്രതിമകൾക്ക് നേരെ അമേരിക്കയിൽ നേരത്തെയും ആക്രമണം നടന്നിരുന്നു. ബോസ്റ്റണിലെ കൊളമ്പസ് പ്രതിമയ്ക്ക് നേരെ മുമ്പും ആക്രമണം നടന്നിട്ടുണ്ട്. ഇത് ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ദീർഘകാലമായി നടപ്പിലാകാതെ കിടക്കുകയായിരുന്നു. പുതിയ ലോകം കണ്ടെത്താനായി യാത്ര തിരിച്ച സാഹസിക സമുദ്ര സഞ്ചാരിയായാണ് കൊളംബസിനെ ചരിത്ര പുസ്തകങ്ങളിൽ പരാമർശിക്കുന്നത്. എന്നാൽ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തദ്ദേശീയരായ റെഡ് ഇന്ത്യൻസിന്റെ വംശീയ ഉന്മൂലനത്തിന് കാരണക്കാരനായാണ് ഇദ്ദേഹം കരുതപ്പെടുന്നത്. അമേരിക്കയിൽ നേരത്തെ ദേശീയ അവധി ദിനമായി കൊളംബസ് ദിനം ആചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പല സംസ്ഥാനങ്ങളും അത് ഒഴിവാക്കി പകരം തദ്ദേശീയ ജനതയോടുള്ള ആദരവ് അർപ്പിക്കാനുള്ള ദിനമാണ് ആചരിക്കുന്നത്. അടിമക്കച്ചവടം നടത്തിയ റോളിൻസൺ കുടുംബത്തിന്റെ സ്മാരകം ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ പ്രയറിയിൽ പ്രക്ഷോഭകർ ആക്രമിച്ചിരുന്നു. ലീഡ്സിൽ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ വികൃതമാക്കി.