കൊവിഡ് സമയത്തെ അതിജീവനത്തിനിടെ ഇപ്പോൾ ലഭിച്ച ഇളവുകൾ ആരും ദുരുപയോഗപ്പെടുത്താതിരിക്കട്ടെ എന്ന ഓർമ്മപ്പെടുത്തലുമായി
വീഡിയോ ഗാനോപഹാരം സോഷ്യൽ മീഡിയകളിൽ റിലീസായി. മീഡിയ ക്രീയേഷൻസിന്റെയും ക്യാപ്‌റ്റൻ മൂവി മേക്കേഴ്സിന്റെയും സഹകരണത്തോടെ തയ്യാറാക്കിയ 'ഓർമ്മകൾ ഉണ്ടായിരിക്കണം' എന്ന വീഡിയോ ഗാനോപഹാരത്തിന്റെ രചനയും സംവിധാനവും മാദ്ധ്യമപ്രവർത്തകനും ആഡ് ഫിലിം സംവിധായകനുമായ യു. ഹരീഷ് ആണ് നിർവഹിച്ചിരിക്കുന്നത്.
ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി സിനിമകളുടെ സംഗീത സംവിധായകനായ അരുൺ രാജാണ് സംഗീതവും ആലാപനവും നടത്തിയിരിക്കുന്നത്. സിനിമ നിർമ്മാതാവ് കൂടിയായ രാജേഷ് രാജ് ആണ് വോയിസ് ഓവർ നൽകിയിരിക്കുന്നത്.
മഹാമാരിയായ കോവിഡിനെതിരെയുള്ള മാസങ്ങളായുള്ള നിരവധി പേരുടെ പോരാട്ടങ്ങൾ നമ്മൾ മറക്കരുത്, ഓർമ്മകൾ ഉണ്ടായിരിക്കണം അതുകൊണ്ടു പുറത്തിറങ്ങുമ്പോൾ ജാഗ്രത കൈവെടിയരുതെന്ന് അണിയറക്കാർ കവിത രൂപത്തിലുള്ള അവതരണത്തിലൂടെ പറയുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിലെ രണ്ടുമാസത്തെ ഡ്യൂട്ടി കഴിഞ്ഞു തന്റെ വീട്ടിലേക്കു മടങ്ങുന്ന ദൈവത്തിന്റെ മാലാഖ സരിതയ്ക്ക് തളിപ്പറമ്പ് മഴൂരിലെ നാട്ടുകാർ നൽകിയ സ്‌നേഹം നിറഞ്ഞ സ്വീകരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഉണ്ടായതാണ് ഈ ഗാനോപഹാരം എന്നും കോവിഡ് 19 നു മുന്നിൽ കാവലാളായി പടപൊരുതുന്നവർക്ക് പ്രത്വേകിച്ചു രാവും പകലുമില്ലാതെ നമുക്ക് കരുതലായി കാവലാളായി നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും സമർപ്പിക്കുന്നുവെന്ന് സംവിധായകൻ യു. ഹരീഷ് പറഞ്ഞു.