blood

ന്യൂഡൽഹി:- ലോകത്തെയാകെ ബാധിച്ച കൊവിഡ് മഹാമാരി ചിലരിൽ പ്രത്യേക ലക്ഷണമില്ലാതെ മാറുകയും മറ്റു ചിലരിൽ അതിശക്തമായ ലക്ഷണങ്ങളും വെന്റിലേറ്റർ വാസം വരെ വേണ്ടി വരുന്നതെന്തുകൊണ്ടാണ്? ശാസ്ത്ര ലോകം ഈ അവസ്ഥയുടെ കാരണം തേടി പഠനങ്ങൾ നടത്തി. ജനിതക ശാസ്ത്രപരമായ അന്വേഷണമാണ് ഇതിനായി നടത്തിയത്.

ബ്ളുംബെർഗ്, 23 ആന്റ് മി എന്നി അമേരിക്കൻ കമ്പനികൾ ചേർന്ന് പതിനായിരത്തോളം പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ഒ ഗ്രൂപ്പിൽ പെടുന്ന രോഗികൾക്ക് മറ്റുള്ളവരെക്കാൾ രോഗം പോസിറ്റീവാകാൻ 9 മുതൽ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി. 7,50,000 പേരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കൊവിഡ്-19 രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ഗ്രൂപ്പുകൾ രോഗത്തിന് വഴങ്ങുന്നതിൽ ചെറു വ്യത്യാസങ്ങളുണ്ട്. പ്രായം, മുൻകാല രോഗങ്ങൾ എന്നീ ഘടകങ്ങൾ എടുത്ത് പഠനം നടത്തിയപ്പോഴും ഇതേ ഫലമാണ് ഗവേഷകർക്ക് ലഭിച്ചത്. രോഗാണുവുമായി ഏറ്റവുമധികം സാമീപ്യം വരുന്ന ആരോഗ്യ പ്രവർത്തകർക്കും ഇങ്ങനെ തന്നെയാണ് ഫലം വന്നത്.

ഇറ്റലിയിലും സ്പെയിനിലും ഉണ്ടായിരുന്ന 1600ഓളം രോഗികളുടെ ജീൻ ഉപയോഗിച്ച് മുൻ ആഴ്ചകളിൽ ഒരു പഠനം നടന്നു. ശ്വാസകോശ തകരാറും വെന്റിലേറ്റർ സഹായവും വേണ്ടിവന്ന ആളുകളുടെ കണക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാൾ 50% രക്തഗ്രൂപ്പ് എ ഉള്ളവർക്ക് ആയിരുന്നു.

ചൈനയിൽ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമനുസരിച്ച് കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിക്കാനും, ഹൃദയത്തിനും രക്തധമനികൾക്കും ബാധിക്കുന്ന രോഗങ്ങൾക്ക് ഇടയാക്കുന്നതും കൂടുതൽ മുകളിൽ പറഞ്ഞ രക്ത ഗ്രൂപ്പുകളിൽ ആണ്.

ജർമ്മനിയിലെ കിയൽ സർവ്വകലാശാല നടത്തിയ പഠനത്തിൽ പറയുന്നത് കൊവിഡ് രോഗം ബാധിച്ചവരിൽ ഏറ്രവുമധികം ശ്വാസകോശ സംബന്ധമായ പ്രശ്നം വരുന്നതും ഓക്സിജൻ സഹായത്തോടെ മാത്രം ശ്വസിക്കേണ്ടി വരുന്നതും എ പോസിറ്റീവ് ഗ്രൂപ്പുകാർക്കാണ്. യൂറോപ്പിൽ ഇറ്റലി,സ്പെയിൻ മുതലായ രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായ ഇടങ്ങളിലെ 1980 രോഗികളിൽ നടന്ന പഠനത്തിൽ എ പോസിറ്രീവ് ഗ്രൂപ്പുകാർക്ക് രോഗം രൂക്ഷമാകാനും ഒ ഗ്രൂപ്പുകാർക്ക് രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്ന തരം പ്രതിരോധ ശേഷിയും കണ്ടെത്തി.