lonar-lake

ഔറംഗാബാദ്: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്ര മുംബയിലെ ലോണാർ തടാകത്തിന്റെ നിറം കടുംചുവപ്പായി. തടാകം സ്ഥിതി ചെയ്യുന്ന ബുൽധാനയിലെ ജനങ്ങളൊന്നാകെ ചുവന്ന തടാകം കണ്ട് അത്ഭുതപ്പെട്ടു. പിന്നാലെ ശാസ്ത്രജ്ഞൻമാരും പരിസ്ഥിതി സംരക്ഷകരും പ്രകൃതി സ്നേഹികളുമെല്ലാം വിസ്മയം പൂണ്ടു.

50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉല്‍ൽക്ക കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ രൂപം കൊണ്ടതാണ് ലോണാർ തടാകം. 113 ഹെക്ടറാണ് വിസ്തൃതി. ജലത്തിന് സാധാരണയായി പച്ച നിറമാണ്. എന്നാൽ ചിലപ്പോഴൊക്കെ നേരിയ ചുവപ്പുരാശി പടരാറുണ്ട്.. എന്നാൽ ഇപ്പോൾ കൂടുതൽ തീവ്രമായ ചുവപ്പുരാശിയാണ് തടാകത്തിലെ ജലത്തിന്.

ലോക്ക് ഡൗൺ കാരണം ജലോപരിതലത്തിൽ പ്രത്യേക അസ്വാസ്ഥ്യങ്ങളുണ്ടാവാത്തതോ കാലാവസ്ഥാ വ്യതിയാനമോ തടാകത്തിലെ ജലത്തിന്റെ നിറവ്യത്യാസത്തിന് കാരണമായിട്ടുണ്ടാവാമെന്നാണ് ശാസ്ത്രജ്ഞനായ ഡോ. മദൻ സൂര്യവംശി പറയുന്നത്. 'മനുഷ്യരുടെ പ്രവർത്തനഫലമായി ഇത്തരത്തിലൊരു മാറ്റമുണ്ടാകാനിടയില്ല. തടാകത്തില്‍ വിശദമായി പഠനം നടത്തിയാലേ കൃത്യമായ കാരണം തിരിച്ചറിയാനാകൂ".- അദ്ദേഹം പറഞ്ഞു.

വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണയിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വെള്ളത്തിലെ ലവണത്വവും നിറവ്യത്യാസത്തെ സ്വാധീക്കാമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ജലോപരിതലത്തിന് ഒരു മീറ്ററിന് താഴെയുള്ള ഭാഗത്ത് ഓക്‌സിജന്റെ അളവ് കുറവാണെന്നും ഇതുമൂലം വെള്ളത്തിലെ ലവണത്വം വർദ്ധിക്കുന്നത് ചുവപ്പുനിറം ഉളവാക്കുമെന്നും ലോണാർ ലേക്ക് കൺസർവേഷൻ ആൻഡ് ഡവലപ്‌മെന്റ് കമ്മിറ്റിയംഗം ഗജാനൻ ഖരാട്ട് പറയുന്നു.