അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണത്തിൽ28.87 ശതമാനവും അവയുടെ വിഹാരപാതയിൽ 36 ശതമാനവും വർദ്ധനവുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുണ്ടായ വലിയ വർദ്ധനവാണിത്. ഗിർവനത്തിൽ 674 ഏഷ്യൻ സിംഹങ്ങളുണ്ട്. 2015ൽ ഇത് 523 ആയിരുന്നു. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗരാജാക്കൻമാരുടെ 'സാമ്രാജ്യം'. സിംഹങ്ങളുടെ എണ്ണം വർദ്ധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തുഷ്ടി പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം പങ്കുവച്ചത്.
'വളരെ നല്ല രണ്ട് വാർത്തകൾ. ഗുജറാത്തിലെ ഗിർ വനത്തിൽ താമസിക്കുന്ന ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ഏകദേശം 29 ശതമാനം ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീർണ്ണം 36ശതമാനം ഉയർന്നു. ഗുജറാത്തിലെ ജനങ്ങൾക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനം." - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഏഷ്യൻ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിർ വനങ്ങളിൽ അഞ്ചുവർഷം കൂടുമ്പോഴാണ് കണക്കെടുക്കുന്നത്. 2015ൽ 523 സിംഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ 151 എണ്ണം വർദ്ധിച്ചു. പെണ്‍ സിംഹങ്ങളാണ് കൂടുതൽ -262. വളർച്ചയെത്തിയ ആൺ സിംഹങ്ങൾ 159. ഇരു വിഭാഗത്തിലെയും കൗമാരക്കാർ 115ഉം കുഞ്ഞുങ്ങൾ138ഉം.
മുമ്പ് അഞ്ചു ജില്ലകളിൽ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോൾ സൗരാഷ്ട്രയിലെ ഒമ്പതു ജില്ലകളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ഗിർ വനങ്ങൾക്കു പുറത്തും പലപ്പോഴും പട്ടണങ്ങളിൽവരെയും സിംഹക്കൂട്ടങ്ങൾ എത്തിയത് വാർത്തയായിരുന്നു.
2018ൽ വൈറസ്ബാധിച്ച് 36 സിംഹങ്ങൾ ചത്തു. എങ്കിലും അമേരിക്കയിൽ നിന്ന് വരുത്തിയ വാക്‌സിൻ വഴി ഇത് നിയന്ത്രിക്കാനായി.