ന്യൂയോർക്ക്: കൊവിഡ്19 മഹാമാരി 1918ലെ ഫ്ളൂവിന്റെ അത്രയും മോശം അവസ്ഥയിലേക്ക് ലോകത്തെ എത്തിക്കാമെന്ന് പഠന റിപ്പോർട്ട്. ഫ്ളൂ (എച്ച് 1 എൻ 1 ഇൻഫ്ളുവൻസ) ബാധിച്ച് അന്ന് അഞ്ച് കോടിക്കും 10 കോടിക്കും ഇടയിൽ ആളുകൾ ലോകത്താകെ മരിച്ചതായാണ് കണക്ക്. കൊവിഡ്19 ബാധിച്ചും ഇത്രയും ആളുകൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
മെഡിക്കൽ ജേണലായ ദി ലാൻസെറ്റിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സീസണലായി വരുന്ന ഇൻഫ്ളുവൻസയുടെ രോഗികളുടെ എണ്ണത്തിന് ആനുപാതികമായ മരണനിരക്ക് (സി.എഫ്.ആർ) 0.1 ശതമാനമാണ്. എന്നാൽ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ഇത് 5.9 ശതമാനമായിരുന്നു. ചൈനയുടെ മറ്റു ഭാഗങ്ങളിൽ 0.98 ശതമാനവും.
ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ ഗാവോ ഫു ആണ് പഠനത്തിന് നേതൃത്വം നൽകിയത്. കേസുകളുടെ എണ്ണം കൂടുന്നത് ആരോഗ്യ മേഖലയ്ക്ക് താങ്ങാനാകാത്ത നിലയിലെത്തിയാൽ മരണസംഖ്യ വൻതോതിൽ ഉയരുമെന്ന് ജൂൺ ആറിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസാണ് കൊവിഡ് 19 മഹാമാരി പരത്തുന്നത്. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡ്19 ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ചൈന രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയെങ്കിലും മറ്റ പല രാജ്യങ്ങളിലും ഇപ്പോഴും സ്ഥിതി രൂക്ഷമാണ്.