കേരള ബ്ലാസ്റ്രേഴ്സിലെ വേദനയുടെ ദിനങ്ങൾ വെളിപ്പെടുത്തി റിനോ ആന്റോ
പരിക്കേറ്ര് മുടന്തിയിട്ടും ബ്ലാസ്റ്രേഴ്സ്
ഇഞ്ചക്ഷൻ ചെയ്ത് കളിപ്പിച്ചു
രക്ഷിച്ചത് ബംഗളൂരു എഫ്.സി
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റിന്റെ ദയയില്ലാത്ത നിലപാടുകൾ തന്റെ കരിയർ തന്നെ ഒരുഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയെന്നും ബംഗളുരു എഫ്.സിയുടെ കരുതലില്ലായിരുന്നെങ്കിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ പോലും കഴിയില്ലായിരുന്നുവെന്നും ഇന്ത്യൻ ഫുട്ബാളിലെ മലയാളി പ്രതിരോധ മതിൽ റിനോ ആന്റോ. ഹാംസ്ട്രിംഗ് വഷളായി നടക്കാൻ പോലും പറ്രാത്ത സാഹചര്യത്തിലും ബ്ലാസ്റ്റേഴ്സ് അധികൃതർ വിശ്രമം നൽകാതെ ഇഞ്ചക്ഷൻ ചെയ്ത് കളിപ്പിച്ചെന്നും സീസൺ അവസാനിച്ചപ്പോൾ അപമാനവും അവഗണനയും മൂലം ടീം വിടാൻ നിർബന്ധിതനാകുകയായിരുന്നുവെന്നും റിനോ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി.
ബ്ലാസ്റ്രേഴ്സ് നമ്മളുദ്ദേശിച്ച ടീമല്ല
ഏറെ പ്രതീക്ഷയോടെയാണ് 2017/18 സീസണിൽ ഞാൻ ബ്ലാസ്റ്രേഴ്സിൽ എത്തിയത്. സ്വന്തം നാട്ടിൽ പ്രിയപ്പെട്ട കാണികൾക്ക് മുന്നിൽ കളിക്കുന്നതിൽ പരം സന്തോഷം എന്താണുള്ളത്. എന്നാൽ കാര്യങ്ങൾ ഞാൻ കരുതിയതു പോലെയൊന്നുമല്ലായിരുന്നു. ഇടത്തേക്കാലിൽ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായി സഹികെട്ട് അല്പം വിശ്രമം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയില്ല. ഹാഫ് ടൈംവരെയെങ്കിലും കളിച്ചേപറ്റൂവെന്നും വേദന കൂടുമ്പോൾ പിൻവലിക്കാമെന്നും കോച്ച് റെനെ മ്യൂളൻസ്റ്റീൻ ആവശ്യപ്പെട്ടു. ആറോളം മത്സരങ്ങളിൽ കടുത്ത വേദന സംഹാരികൾ കുത്തിവച്ചാണ് കളിക്കാനിറങ്ങിയത്. പത്ത് ദിവസം വിശ്രമം കിട്ടിയാൽ പരിക്ക് ഭേദമായേനെ. പക്ഷേ മാനേജ്മെന്റ് സമ്മതിച്ചില്ല. ഇതിനിടെ മതിയായ ചികിത്സ കിട്ടാതെ പരിക്ക് കൂടുതൽ വഷളായിക്കൊണ്ടിരുന്നു. റെനെ പോയി ഡേവിഡ് ജയിംസ് വന്ന ശേഷം ആദ്യം എന്നോട് പറഞ്ഞത് നീ വിശ്രമിക്കാനാണ്. അടുത്ത സീസണിലും എന്നെ നിലനിറുത്താൻ ജയിംസിന് താത്പര്യമായിരുന്നു. എന്നാൽ ഇവനെപ്പോഴും പരിക്കാണെന്നും അടുത്ത സീസണിലും ഇത് തന്നെയായിരിക്കും സ്ഥിതിയെന്നും ഇപ്പോൾ നൽകുന്ന പ്രതിഫലം നൽകാനാകില്ലെന്നും മാനേജ്മെന്റ് നിലപാടെടുത്തു. വളരെക്കുറഞ്ഞ തുക പ്രതിഫലമായി പറഞ്ഞിട്ട് ഈ തുകയ്ക്കാണെങ്കിൽ തുടരാം എന്നെന്നോട് പറഞ്ഞു. പരിക്കേറ്രിട്ടും മതിയായ ചികിത്സയും വിശ്രമമവും തരാതിരുന്നിട്ടും നിങ്ങൾക്ക് വേണ്ടി കളിച്ചില്ലേയെന്നും പരിക്ക് വഷളാകാൻ കാരണം നിങ്ങളല്ലേയെന്നും ഞാൻ മാനേജ്മെന്റ് അംഗങ്ങളോട് ചോദിച്ചു. എന്നാൽ നിനക്ക് വേണമെങ്കിൽ ഈ തുകയ്ക്ക് തുടരാം എന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയായിരുന്നു.
നന്ദി ബാംഗളൂരു
ഈ പ്രതിസന്ധിയിൽ ബംഗളൂരു എന്റെ തുണയ്ക്കെത്തുകയായിരുന്നു. നായകൻ ഛെത്രിയും പരിശീലകൻ റോക്കയും എന്നെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ട് ഫോണിൽ വിളിച്ചു. കൃത്യമായ ചികിത്സയും പരിചരണവും നൽകി. അവർക്കൊപ്പം ഐ.എസ്.എൽ ചാമ്പ്യൻമാരാകാനും കഴിഞ്ഞു. എന്നെ ഞാനാക്കിയത് ബംഗളൂരുവാണ്. 2013മുതൽ 17വരെ അവിടെ കളിക്കാനായതാണ് കരിയറിൽ വഴിത്തിരിവായത്. രണ്ടാമത് തിരിച്ചെത്തിയപ്പോഴും അവരെന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.
ആരാധകർ തെറ്രിദ്ധരിച്ചു
ബ്ലാസ്റ്രേഴ്സിലെ കാലഘട്ടത്തിൽ ആരാധകരുടെ തെറ്രിദ്ധാരണമൂലമുള്ള അപ്രീതിക്കും ഇരയാകേണ്ടി വന്നു. എന്റെ പരിക്കിന്റെ കാര്യങ്ങളോ മാനേജ്മെന്റിന്റെ അവഗണനയോ അവർക്കറിയില്ലല്ലോ. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങൾ കേട്ട് ഒരു വിഭാഗം ആളുകൾ എനിക്കെതിരെ തിരിഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞു. വീട്ടുകാരെ പറഞ്ഞപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്. ഇപ്പോൾ എന്റെ ഇൻസ്റ്രഗ്രാം അക്കൗണ്ടിൽ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ക്യാമ്പെയിൻ നടക്കുകയാണ്. അതൊന്നും എന്റെ വിഷയമല്ല. ഇതൊന്നുമില്ലാത്ത സമത്താണ് പന്ത് തട്ടിത്തുടങ്ങിയത്. പന്താണ് എന്റെ ജീവൻ. മറ്രൊന്നും വിഷയമല്ല.ബംഗളൂരു എഫ്.സി ആരാധകരും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിൽ ഉടക്കുണ്ടായപ്പോൾ ബ്ലാസ്റ്രേഴ്സ് ആരാധകർക്ക് പ്രശ്നമാകാത്ത വിധത്തിൽ സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചയാളാണ് ഞാൻ.
ബ്യൂട്ടിഫുൾ ബംഗാൾ
ഈസ്റ്ര് ബംഗാളുമായുള്ള ചർച്ചകൾ ശുഭമായതിൽ വലിയ സന്തോഷമുണ്ട്. മോഹൻ ബഗാനൊപ്പം കളിച്ച
എനിക്ക് ഈസ്റ്ര് ബംഗാളിന്റെ ജേഴ്സി അണിയാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് വലിയ ഭാഗ്യമാണ്.ഏറെ സ്വപ്നം കണ്ട ഇന്ത്യൻ ജേഴ്സി ഉൾപ്പെടെ അണിയാനായതിൽ സന്തോഷവാനാണ്. ഇനി രണ്ട് വർഷം കൂടി കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈസ്റ്റ് ബംഗാളിനെപ്പോലെ വലിയൊരു പാരമ്പര്യമുള്ള ടീമിനൊപ്പം കരിയർ അവസാനിപ്പിക്കാനായാൽ സന്തോഷം. ബംഗളൂരുവുമായി സന്തോഷത്തോടെയാണ് പിരിയുന്നത്. അവിടെ ഞാൻ രണ്ടാമത് ചെല്ലുമ്പോൾ ടീം സെറ്രാണ്. കൂടുതൽകളിക്കാനുള്ള ആഗ്രഹത്തിലാണ് കൂടുമാറുന്നത്.
ഛെത്രി ദ ഗ്രേറ്ര്
സുനിൽ ഛെത്രി ഒരു പ്രതിഭാസമാണ്. ഇന്ത്യയുടെ റൊണാൾഡോയും മെസിയുമെല്ലാം ഇപ്പോൾ ഛെത്രിയാണ്. അദ്ദേഹത്തിനൊപ്പം കളിക്കാനായതും സമയം ചിലവിടാനായതും ബഹുമതിയാണ്. കൃത്യമായ ഉപദേശങ്ങൾ നൽകി നമ്മളെ എപ്പോഴും ഉത്തേജിപ്പിക്കുന്ന ക്യാപ്ടനാണ് ഛെത്രി. കളിക്കളത്തിലും പുറത്തും അദ്ദേഹത്തിന്റെ ഉപദേശങ്ങളും കരുതലും ഏറെ ഗുണം ചെയ്തു.
വിനീത് സഹോ
എന്റെ മനസ് തന്നെയാണ് വിനീത്. എപ്പോഴും എല്ലാത്തിലും കൂടെയുള്ള ചങ്ക്. മൈതാനത്തും വെളിയിലും ഞങ്ങൾക്കൊരേ വേവ് ലെംഗ്ത്താ.
മിസ് യൂ ഡിയേഴ്സ്
ലോക്ക് ഡൗണിൽ പെട്ടുപോയി. ബംഗളൂരുവിൽ നിന്ന് തൃശൂരെ വീട്ടിലെത്തി ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. ഭാര്യയും കുട്ടികളും ഷില്ലോംഗിലും. അവരെ വല്ലാതെ മിസ് ചെയ്യുന്നു. അവർ ബംഗളൂരുവിലേക്ക് വരാനിരിക്കുകയാണ്. വീട്ടിൽ ചെറിയതോതിൽ എക്സർസൈസ് ചെയ്താണിപ്പോൾ ഫിറ്ര്നസ് നിലനിറുത്തുന്നത്.