kim-trump

സോൾ: ദക്ഷിണ കൊറിയയുമായുള്ള പ്രശ്നത്തിൽ ഇടപെട്ടാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നന്നായി നടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അമേരിക്ക മിണ്ടാതിരിക്കണമെന്നും ഉത്തര കൊറിയയുടെ ഭീഷണി.

ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയം അവസാനിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.

''മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അനാവശ്യമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കുകയാണ് അമേരിക്കയ്ക്ക് നല്ലത്. സ്വന്തം രാജ്യത്തെ സ്ഥിതി ഏറ്റവും മോശമായിരിക്കുന്ന സമയത്താണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപടാൻ ശ്രമിക്കുന്നത്. ഇത് ഇനിയും തുടർന്നാൽ തിരിച്ചടി ഉണ്ടാകും.'' - ഉത്തര കൊറിയ വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കൻ കാര്യ ഡയറക്ടർ ജനറൽ ക്വോൻ ജോങ് ഗുൻ പറഞ്ഞു. ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

അമേരിക്ക സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടാൽ നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കില്ലെന്നും ക്വോൻ ജോങ് ഗുൻ പറഞ്ഞു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏത് തരത്തിലാണ് ഉത്തര കൊറിയ തടസ്സപ്പെടുത്തുകയെന്ന് വ്യക്തമല്ല.

2018ലും 2019ലും പലതവണ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചെറിയ മാറ്റമുണ്ടായിരുന്നു. ഉത്തര കൊറിയ ആണവ പദ്ധതികൾ അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ ഉപരോധം നീക്കാനുള്ള അമേരിക്ക നിരസിച്ചതിനെ തുടർന്ന് ചർച്ചകൾ നിർത്തിവെക്കാൻ ഉത്തര കൊറിയ തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്!*!ലൈൻ ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയിൽ നിന്ന് പുറത്താക്കപ്പെട്ട് ദക്ഷിണ കൊറിയയിൽ അഭയം തേടിയവർ നടത്തുന്ന പ്രചാരണങ്ങളാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. ഉത്തര കൊറിയക്കെതിരെ പ്രചാരണം നടത്തുന്ന നിരവധി ആക്ടിവിസ്റ്റുകളാണ് ലഘുലേഖകൾ ബലൂണുകളിലാക്കി ദക്ഷിണ കൊറിയയിൽ നിന്ന് അതിർത്തി കടത്തി വിടുന്നത്.