pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. അതേസമയം 62 പേർക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുമുണ്ട്. രോഗം ബാധിച്ചവരിൽ 27 പേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ രോഗബാധിതർ 37 പേരാണ്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം വന്നത് 14 പേർക്കാണ്.

തൃശൂർ 25, പാലക്കാട് 13, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 10 വീതം, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്. അതേസമയം ഇന്ന് രോഗമുക്തി നേടിയവരുടെ കണക്കുകൾ ഇനി പറയുന്നതാണ്.

തിരുവനന്തപുരം 16, പാലക്കാട് 13, കണ്ണൂർ 8, തൃശൂർ 7, എറണാകുളം 6, കാസർഗോഡ് 5, കോഴിക്കോട് 3, മലപ്പുറം 2, കൊല്ലം 2. സംസ്ഥാനത്ത് ഇന്ന് അഞ്ച് ആരോഗ്യപ്രവർത്തകർക്കും തൃശൂരിൽ നാല് ശുചീകരണ പ്രവർത്തകർക്കും രോഗം വന്നിട്ടുള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 133 ആയി ഉയർന്നിട്ടുമുണ്ട്. അതേസമയം 35 സ്ഥലങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. കൊവിഡ് നിരീക്ഷണ മാർഗ്ഗരേഖ സർക്കാർ പുതുക്കിയിട്ടുണ്ട്. വിദേശത്തുനിന്നും വരുന്നവർക്ക് വീട്ടിലായിരിക്കും നിരീക്ഷണം ഏർപ്പെടുത്തുക. വീട്ടിലുള്ളവർക്ക് ബോധവത്കരണം നടത്തണം. മുഖ്യമന്ത്രി പറഞ്ഞു.

ഇവർ വീടുകളിൽ എത്തിയെന്ന് പൊലീസുകാർ ഉറപ്പാക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തുകയും വേണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ജാഗ്രതാ പോർട്ടലിൽ സത്യവാങ്മൂലം നൽകണം. പഞ്ചായത്തിൽ വാർഡ് തലത്തിലാകും കണ്ടെയിന്മെന്റ് സോണുകൾ ഇനി നിശ്ചയിക്കുക. നഗരസഭകളിൽ സബ് വാർഡ് തലത്തിലും കണ്ടെയിന്മെന്റ് സോണുകൾ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.