vandhe-bharath

ചെങ്ങന്നൂർ: കൊവി‌ഡ് ബാധ രൂക്ഷമായ റഷ്യയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളിൽ 116 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു.

മർഡോമിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സറാൻസക് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 181 മലയാളി മെഡിക്കൽ വിദ്യാർത്ഥികളാണ് മാർച്ച് 16 മുതൽ ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിയുന്നത്.
വിദ്യാ‌ർത്ഥിയായ പത്തനംതിട്ട ഇലന്തൂർ സ്വദേശി പി.എസ്. പ്രതീക്ഷയുടെ രക്ഷിതാക്കൾ കുട്ടികൾ ദുരിതം അനുഭവിക്കുന്ന വിവരം അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് പോകാൻ 113 പേർ രജിസ്‌റ്റർ ചെയ്തിരുന്നെങ്കിലും 17 പേർക്കു മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് 99 പേർക്കുകൂടി അനുമതി നൽകി. ജൂൺ 15 നാണ് കൊച്ചിയിലേക്ക് റഷ്യയിൽ നിന്നുള്ള അടുത്ത വിമാനം. 65 വിദ്യാർത്ഥികൾ കൂടി അവിടെയുണ്ട്.

16ന് ഹോസ്റ്റൽ അടയ്ക്കും. ഇതോടെ ഇവരുടെ താമസവും ഭക്ഷണവും പ്രതിസന്ധിയിലാകും.