അടൂർ: ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആദ്യം പാമ്പുകടിയേറ്റപ്പോൾ ചികിത്സ നൽകിയ അടൂരിലെ സ്വകാര്യ ആശുപത്രിയിലും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വർണം പണയം വച്ച ബാങ്കിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഡോക്ടർമാരുടെ മൊഴിയെടുത്ത ശേഷം ചികിത്സാ സംബന്ധമായ ഫയൽ കസ്റ്റഡിയിലെടുത്തു.
ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ഫെഡൽ ബാങ്കിന്റെ അടൂർ ശാഖയിലെ സി.സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചു. മാർച്ച് രണ്ടിന് സൂരജ് ബാങ്കിലെത്തിയതിന്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ ശേഖരിച്ചു. തോൾ ബാഗുമായി എത്തിയ സൂരജ് ഏഴ് മിനിട്ടോളം ലോക്കറിനുള്ളിൽ നിന്നശേഷമാണ് സ്വർണവുമായി മടങ്ങിയത്. അന്ന് രാത്രിയാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.