msme

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആത്‌മനിർഭർ പാക്കേജിൽ പ്രഖ്യാപിച്ച പ്രത്യേക എം.എസ്.എം.ഇ വായ്‌പാ പദ്ധതി പ്രകാരം പൊതുമേഖലാ ബാങ്കുകൾ ജൂൺ ഒമ്പതുവരെ വിതരണം ചെയ്‌തത് 12,200.65 കോടി രൂപ. എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി സ്‌കീമിൽ (ഇ.സി.എൽ.ജി.എസ്) മൊത്തം മൂന്നുലക്ഷം കോടി രൂപയുടെ വായ്പാപദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. മൊത്തം 24,260 കോടി രൂപയുടെ വായ്പയ്ക്ക് ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ട്.

100 ശതമാനം സർക്കാർ ഗ്യാരന്റിയോട് കൂടിയ വായ്‌പകളാണ് ഇവ. നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എം.എസ്.എം.ഇകൾക്കും മുദ്രാ വായ്‌പകൾ നേടിയവർക്കും പദ്ധതിയുടെ പ്രയോജനം നേടാം. ഒരു ബാങ്കിലോ/ധനകാര്യ സ്ഥാപനത്തിലോ അല്ലെങ്കിൽ വിവിധ ബാങ്കുകളിലോ/ധനകാര്യ സ്ഥാപനങ്ങളിലോ ആയി നിലവിൽ പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവർക്കും 100 കോടി രൂപവരെ വിറ്റുവരവ് ഉള്ളവർക്കുമാണ് വായ്‌പ നേടാൻ അർ‌ഹത. ആകെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് പദ്ധതിയിലൂടെ ലഭിക്കുക.

ഈവർഷം ഫെബ്രുവരി 29 വരെയുള്ള കണക്കുപ്രകാരം നിലവിലെ വായ്‌പകൾ കിട്ടാക്കടമല്ലാത്തവർക്ക് മാത്രമേ ആത്‌മനിർഭർ വായ്‌പ ലഭിക്കൂ. മുതൽതിരിച്ചടയ്ക്കാൻ 12മാസത്തെ മോറട്ടോറിയം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ഇക്കാലയളവിലെ പലിശ ബാങ്കുകൾ ഈടാക്കും.

മുന്നിൽ തമിഴ്നാട്

തമിഴ്‌നാട്ടിലെ എം.എസ്.എം.ഇ യൂണിറ്റുകളാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും ഉയർന്ന തുകയുടെ വായ്‌പാനുമതി ഇതുവരെ നേടിയത്; 2,637 കോടി രൂപ. ഇതിൽ അനുവദിച്ചത് 1,727 കോടി രൂപ. രണ്ടാംസ്ഥാനത്ത് ഉത്തർപ്രദേശാണ്. അനുവദിച്ചത് 2,547 കോടി രൂപ. വിതരണം ചെയ്‌തത് 1,225 കോടി രൂപ.

ബാങ്കുകളിൽ

എസ്.ബി.ഐ

എം.എസ്.എം.ഇ വായ്‌പാ പദ്ധതിയിൽ ഏറ്റവുമധികം തുക ഇതുവരെ അനുവദിച്ചത് എസ്.ബി.ഐയാണ്; 13,363 കോടി രൂപ. വിതരണം ചെയ്‌തത് 7,517 കോടി രൂപ. ബാങ്ക് ഒഫ് ബറോഡ 1,893 കോടി രൂപ അനുവദിച്ചു; വിതരണം ചെയ്‌തത് 526 കോടി രൂപ.