seema-vineeth

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തന്നെ അപമാനിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ സ്ത്രീയുമായ സീമ വിനീത്. വിഷയത്തിൽ മാലാ പാർവതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അവർ തനിക്ക് പിന്തുണ തേടി പരക്കം പായുകയാണെന്നും സീമ തന്റെ കുറിപ്പിലൂടെ പറയുന്നു. മകൻ ചെയ്‌ത തെറ്റിന് തന്നോട് മാപ്പ് ചോദിച്ച അവർ തുടർന്ന് വിഷയത്തിൽ പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും സീമ വിനീത് ചൂണ്ടിക്കാട്ടുന്നു. താൻ ഒരു സാധാരണക്കാരി മാത്രമാണെന്നും തനിക്ക് പിന്നിൽ പ്രമുഖരോ, രാഷ്ട്രീയ നേതൃത്വങ്ങളോ എന്ന് പറഞ്ഞുകൊണ്ടാണ് സീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സീമ വിനീതിന്റെ ഫേസ്‍ബുക്ക് കുറിപ്പ് ചുവടെ:

'ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല.

മുൻപും ഇതുപോലെ വന്ന പല വ്യക്തികളുടെയും മെസ്സേജുകളുടെ ഒരുപാട് സ്ക്രീൻഷോട്ടുകൾ പുറത്തു വിട്ട ആളാണ് ഞാൻ. അതെന്റെ ടൈംലൈൻ നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഏതെങ്കിലും വ്യക്തിയെ രാഷ്ട്രീയം ലാഭം വെച്ച് മോശക്കാർ ആക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് നേരെ ഉള്ള മോശം പെരുമാറ്റങ്ങൾക്കെതിരെ, പ്രവർത്തികൾക്കെതിരെ എന്നും ഞാൻ പ്രതികരിച്ചിട്ടേ ഉള്ളൂ. ഇനിയും അത് തുടരും.

പലരും എനിക്കെതിരെ പറയുന്ന മറ്റൊരു കാര്യം മകൻ ചെയ്ത തെറ്റിലേക്ക് ഞാൻ മാല പാർവതിയെ വലിച്ചിഴച്ചു എന്നാണ്.
അതൊരുപക്ഷേ സത്യം എന്താണെന്നു മനസിലാക്കാതെ, ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾക്ക് തോന്നുന്ന കാര്യമായിരിക്കും.
ഈ മാല പാർവതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാൻ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോർട്ട് തേടി പരക്കം പായുന്നു. അവരുടെ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവൻ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.


എന്നിട്ട് മറുവശത്തു മകൻ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും, അവർ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാൻ എന്നോട് പറഞ്ഞു എന്നും പറയുന്നു.
മാത്രമല്ല മകൻ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു എന്നോട് മാപ്പും പറയുന്നു.


എന്ത് നല്ല നിലപാടുകൾ അല്ലേ..

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടേതായി പുറത്തു വന്ന voice clip. അത് കേട്ടാൽ ഈ വിഷയത്തിൽ ഉള്ള അവരുടെ ഇരട്ട നിലപാടുകൾ നിങ്ങൾക്ക് മനസിലാകും.


അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല എന്ന നിലപാടുകാരിയാണ് ഞാൻ..

ഞാനൊരു സാധാരക്കാരി ആണ്. എനിക്ക് പിന്നിൽ പ്രമുഖരോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഒന്നുമില്ല. എനിക്കൊപ്പം എന്റെ സത്യങ്ങളും ആ സത്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്നവരും മാത്രമേ ഉള്ളൂ.


ഇതിൽ ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ നിൽക്കുന്നവരോട് സ്നേഹം.'