ബംഗളൂരു: ഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ വിലക്കി കർണാടക സർക്കാർ. ഇന്നലത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണിത്. ഇന്നലെ അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഒരു ഫീസും വാങ്ങാൻ പാടില്ലെന്ന് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ആറ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമേ ഓൺലൈൻ ക്ലാസുകൾ നൽകാൻ പാടുള്ളൂവെന്ന നിംഹാസിന്റെ നിർദ്ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിറുത്തി വയ്ക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞത്.