കൊച്ചി: ആഗോളചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകളും രൂപയും ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 708 പോയിന്റിടിഞ്ഞ് 33,538ലും നിഫ്‌റ്റി 214 പോയിന്റ് താഴ്‌ന്ന് 9,902ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് നിലനിറുത്തിയതും അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 2020ൽ നെഗറ്രീവ് 6.5 ശതമാനം വളർച്ചയിലേക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതുമാണ് ആഗോളതലത്തിൽ ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കിയത്.
തൊഴിലില്ലായ്‌മനിരക്ക് ഈവർഷം 9.5 ശതമാനത്തിലേക്ക് ഉയരുമെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലും തിരിച്ചടിയായി. അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500, ജർമ്മനിയുടെ ഡാക്‌സ്, ബ്രിട്ടന്റെ എഫ്.ടി.എസ്.ഇ., ഫ്രാൻസിന്റെ സി.എ.സി 40 ഓഹരി വിപണികളും രണ്ടു ശതമാനം വരെ നഷ്‌ടം രുചിച്ചു.
ഇന്ത്യയിൽ ഭാരതി ഇൻഫ്രാടെൽ, സീ എന്റർടെയ്‌ൻമെന്റ്, എസ്.ബി.ഐ., സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ഗ്രാസിം ഇൻഡസ്‌ട്രീസ്, വേദാന്ത, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ മൂന്നു മുതൽ ആറു ശതമാനം വരെ നഷ്‌ടം കുറിച്ചു.
₹2.38 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ 2.38 ലക്ഷം കോടി രൂപ കൊഴിഞ്ഞു. 135.52 ലക്ഷം കോടി രൂപയിൽ നിന്ന് 133.14 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്.
₹75.78
ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 19 പൈസ ഇടിഞ്ഞ് 75.78ൽ. ഓഹരി വിപണികളിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിഞ്ഞതാണ് തിരിച്ചടിയായത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഡോളറിനെതിരെ രൂപയുടെ നഷ്‌ടം 2.8 ശതമാനമാണ്. ഏപ്രിലിൽ ഒരുവേള മൂല്യം റെക്കാഡ് താഴ്‌ചയായ 76.90 വരെയെത്തി. ഏഷ്യയിൽ ഏറ്റവും വലിയ നഷ്‌ടം നേരിട്ടത് ഇക്കാലയളവിൽ രൂപയാണ്.